കാലാവസ്ഥ വ്യതിയാനം പഠിക്കാൻ ഇമാറാത്തി വിദഗ്ധർ അന്റാർട്ടിക്കയിൽ
text_fieldsകാലാവസ്ഥ വ്യതിയാനം പഠിക്കാൻ അന്റാർട്ടിക്കയിലെത്തിയ ഇമാറാത്തി വിദഗ്ധർ
ദുബൈ: ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യ ശാസ്ത്ര പര്യവേക്ഷണത്തിൽ പങ്കെടുക്കാൻ രണ്ട് ഇമാറാത്തി വിദഗ്ധർ അന്റാർട്ടിക്കയിലെത്തി. അഹമ്മദ് അൽ കഅബിയും ബദ്ർ അൽ അമീരിയുമാണ് പരിശീലനത്തിനു ശേഷം സുപ്രധാന ദൗത്യത്തിന് പുറപ്പെട്ടത്.
ബൾഗേറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളാർ റിസർച്ചുമായി ചേർന്നാണ് മഞ്ഞുമൂടിയ ഭൂഖണ്ഡത്തിലെ പ്രയാസകരമായ സാഹചര്യങ്ങൾ നേരിടുന്നതിന് ഇവർ പരിശീലനം നേടിയത്. ദൗത്യത്തിന്റെ ഭാഗമായി ദക്ഷിണധ്രുവത്തിൽ രണ്ടു കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. ഇതു മേഖലയിലെ കാലാവസ്ഥ രീതികളെയും ഭൂകമ്പ പ്രവർത്തനങ്ങളെയും കുറിച്ച ഡേറ്റ ശേഖരിക്കുന്നതിന് സഹായിക്കും. കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഘടന, ധ്രുവ കാലാവസ്ഥ എന്നിവയെക്കുറിച്ച് നിർണായക ഗവേഷണം നടത്താനും ലക്ഷ്യമിടുന്നുണ്ട്. ഇതു ഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ദക്ഷിണധ്രുവത്തിന്റെ പങ്കിനെക്കുറിച്ച് ആഗോളതലത്തിൽ തന്നെ പുതിയ അറിവുകൾ സംഭാവന ചെയ്യുമെന്ന ലക്ഷ്യത്തോടെയാണെന്ന് ന്യൂസ് ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.
ബൾഗേറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളാർ റിസർച്ചുമായുള്ള സഹകരണം, അറിവ് വർധിപ്പിക്കുന്നതിനും നിലവിലെ കാലാവസ്ഥ വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവുമായി സജീവമായി ഇടപഴകാനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് എൻ.സി.എം ഡയറക്ടർ ജനറലും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രസിഡന്റുമായ ഡോ. അബ്ദുല്ല അൽ മന്ദൂസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും സഹായിക്കുന്ന ഗവേഷണങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.