ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ
text_fieldsഅബൂദബി: യു.എ.ഇയിൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ശ്രമങ്ങളുമായി എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ. സാമ്പത്തിക മന്ത്രാലയത്തിെൻറയും പ്രാദേശിക ടൂറിസം വകുപ്പുകളുടെയും സംയുക്ത പ്രവർത്തന പദ്ധതിക്ക് ഓൺലൈനിൽ ചേർന്ന കൗൺസിൽ അംഗീകാരം നൽകി. അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവ് യു.എ.ഇയിലേക്ക് വർധിപ്പിക്കാനും പുതിയ ടൂറിസം മാർക്കറ്റുകൾ തുറക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നു. യു.എ.ഇ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്ന ഒട്ടേറെ ടൂറിസം പ്രോത്സാഹന കാമ്പയിനുകൾ നടപ്പാക്കും. ഇതിനായി ദീർഘകാല മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ അവതരിപ്പിക്കും.ടൂറിസം മേഖലയിൽ മികച്ച പ്രകടനം കൈവരിക്കാനും കോവിഡ് പ്രതിസന്ധിയുടെ ആഘാതത്തിൽനിന്ന് വീണ്ടെടുക്കാനുമുള്ള നടപടികൾ കൈക്കൊള്ളും. ടൂറിസം മേഖലയിൽ വളർച്ചയുടെയും വികസനത്തിെൻറയും പുതിയ ഘട്ടത്തിലേക്ക് നീങ്ങാൻ കഴിയുന്നതോടെ ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ ടൂറിസം മികച്ച സംഭാവന നൽകുമെന്ന് യു.എ.ഇ സംരംഭകത്വ സഹമന്ത്രി ഡോ. അഹ്മദ് ബെൽഹൗൽ അൽ ഫലാസി ചൂണ്ടിക്കാട്ടി.
എല്ലാ എമിറേറ്റുകളിലെയും ടൂറിസം മേഖലക്ക് പ്രയോജനം ലഭിക്കുന്ന പുതിയ സംയോജിത സംരംഭങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിന് ഫെഡറൽ-പ്രാദേശിക തലങ്ങളിൽ ഏകോപന സംവിധാനവും കൗൺസിൽ ആവിഷ്‌കരിച്ചു. ശൈത്യകാലത്തെ ആഭ്യന്തര ടൂറിസം പ്രചാരണ നടപടികളും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ അംഗീകരിച്ചു. രാജ്യത്തെ ടൂറിസം ഡാറ്റ ശേഖരണത്തെ പിന്തുണക്കുന്നതിനുള്ള നടപടിക്രമങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് അഞ്ച് വർഷത്തെ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നത് സംബന്ധിച്ചെടുത്ത തീരുമാനവും കൗൺസിൽ ചർച്ച ചെയ്തു. യു.എ.ഇയിലെ ടൂറിസത്തിെൻറ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കമാണിത്. വെബ്സൈറ്റ് വഴി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വിവിധ വിഭാഗങ്ങളിലെ സന്ദർശകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഈ സംരംഭം പിന്തുണക്കുമെന്നും കൗൺസിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

