എമിറേറ്റ്സ് റോഡ് 25ന് തുറക്കും; വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ
text_fieldsവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന എമിറേറ്റ്സ് റോഡ്
ദുബൈ: രണ്ടുമാസം നീണ്ട വികസന പ്രവർത്തനങ്ങൾക്കുശേഷം എമിറേറ്റ്സ് റോഡ് ആഗസ്റ്റ് 25ന് ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 14 കിലോമീറ്റർ നീളത്തിലാണ് പുനർനിർമാണവും ഉപരിതല വികസനവും നടക്കുന്നത്. ഓരോ 48 മുതൽ 56 മണിക്കൂർ കൂടുമ്പോഴും ഏകദേശം 400 മുതൽ 500 മീറ്റർ വരെ റോഡ് ഉൾക്കൊള്ളുന്ന പുനർനിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്ന് ആർ.ടി.എയുടെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു. ചില മേഖലകളിൽ ഹെവി ട്രാഫിക് മൂലം പാത ഗുണനിലവാര സൂചിക (പി.ക്യു.ഐ) 85 ശതമാനമായി കുറഞ്ഞതായി കണ്ടെത്തിയതിനാലാണ് പുനർനിർമാണം ആവശ്യമായി വന്നത്. റോഡുകളുടെ ഗുണനിലവാരം 90 ശതമാനമോ അതിന് മുകളിലോ നിലനിർത്തുകയാണ് ലക്ഷ്യം. 90 ശതമാനത്തിന് താഴെ വന്നാൽ റോഡ് തകരാറിലാകും. ഇത്തരം കേസുകളിൽ പുനർനിർമിക്കുകയാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വേഗതയേറിയ ലൈനിന്റെ ഉപരിതലത്തിൽനിന്ന് 14 സെന്റിമീറ്റർ നീക്കം ചെയ്താണ് പുനർനിർമാണം നടത്തുക. പിന്നീട് ഇവിടെ അഞ്ചുമുതൽ ആറുവരെ പാളികൾ പുനർനിർമിക്കും. വേഗത കുറഞ്ഞ ലൈനുകളിൽ എട്ട് സെന്റിമീറ്റർ വരെ കുഴിയെടുത്താണ് വിവിധ പാളികൾ പുനർനിർമിക്കുക. പ്രവൃത്തി വിലയിരുത്താനായി പരിശോധന വാഹനങ്ങളും ഉപയോഗിക്കും. കാമറ, ലേസറുകൾ എന്നിവ ഘടിപ്പിച്ച വാഹനം റോഡിന്റെ വിള്ളലുകളും കുഴികളും സ്കാൻ ചെയ്ത് തകരാറുകൾ കണ്ടെത്തും. മറ്റൊന്ന് അന്താരാഷ്ട്ര റഫ്നസ് ഇൻഡക്സ് ഉപയോഗിച്ച് റോഡിന്റെ ഉപയോഗിച്ച് മൃദുത്വം എത്രത്തോളമുണ്ടെന്ന് കണ്ടെത്തും. ഈ സാങ്കേതിക വിദ്യകൾ ഏത് ഭാഗത്താണ് അറ്റകുറ്റപ്പണികൾ ആവശ്യമെന്നും എവിടെയാണ് പൂർണമായും പുനർനിർമിക്കേണ്ടതെന്നും കണ്ടെത്താൻ ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

