എമിറേറ്റ്സ് പെർഫ്യൂംസ്, ഊദ് എക്സിബിഷന് തുടക്കം
text_fieldsഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എസ്.സി.സി.ഐ) പിന്തുണയോടെ എക്സ്പോ ഷാർജ സംഘടിപ്പിക്കുന്ന മൂന്നാമത് എമിറേറ്റ്സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കം.150ൽ അധികം പ്രദർശകരും 500 പ്രാദേശിക, ആഗോള പെർഫ്യൂം ബ്രാൻഡുകളുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രദർശകരുടെ എണ്ണത്തിൽ ഇത്തവണ 50 ശതമാനം വർധനയുണ്ട്. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.എസ്.സി.സി.ഐ സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ, എക്സ്പോ സെന്റർ ഷാർജ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, എസ്.സി.സി.ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവദി, മറ്റ് ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ബ്രാൻഡ് സി.ഇ.ഒമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ മാസം 12 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി കാൽലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഒമാൻ, തുർക്കിയ, ചൈന, ഇന്ത്യ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ പെർമ്യൂം ബ്രാൻഡുകൾ ഇത്തവണയും പ്രദർശനത്തിന്റെ ഭാഗമാണ്.എക്സ്പോ സെന്ററിൽ പെർഫ്യൂം നിർമാണ മേഖല വെച്ചുപുലർത്തുന്ന ആത്മവിശ്വാസമാണ് ഓരോ വർഷവും പ്രകടമാകുന്ന പ്രദർശകരുടെ വർധനയെന്ന് അൽ മിദ്ഫ പറഞ്ഞു. എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി 10.30 വരെയാണ് സന്ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

