എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് മലയാളിക്ക്
text_fieldsകോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുസ്കാരം ഏറ്റുവാങ്ങുന്നു
അബൂദബി: യു.എ.ഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് മലയാളിക്ക്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് അവാർഡ്. 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) കാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷുറൻസ് കാർഡ് എന്നിവയാണ് സമ്മാനം. ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളി വിഭാഗത്തിലാണ് അനസ് തെരഞ്ഞെടുക്കപ്പെട്ടത്.
മാനേജ്‌മെന്‍റ്, എക്സിക്യൂട്ടിവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയമാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജനൽ ഹ്യൂമൻ റിസോഴ്സ് മാനേജറാണ് അനസ്. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്‍റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിൽ പുരസ്കാരം സമ്മാനിച്ചു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്‌സ്, ഹൈസ.
അവാർഡിൽ വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുർജീൽ ഹോൾഡിങ്സ് പുരസ്കാരം നേടിയിട്ടുണ്ട്. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റലിന് ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബർ മാർക്കറ്റ് അവാർഡിൽ എൽ.എൽ.എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. വിദഗ്ദ്ധ സമിതികൾ പരിശോധിച്ച 18,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

