ചെറുകിട സംരംഭകർക്ക് 30 ശതകോടി വായ്പയുമായി എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക്
text_fieldsദുബൈ: രാജ്യത്തെ ചെറുകിട സംരംഭകർക്ക് 30 ശതകോടി ദിർഹമിന്റെ വായ്പ നൽകുമെന്ന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക്. മൂന്ന് വർഷത്തിനുള്ളിൽ പ്രത്യക്ഷമായും പരോക്ഷമായും വ്യവസായ രംഗത്ത് ഇത്രയും തുക എത്തിക്കുമെന്നാണ് പ്രഖ്യാപനം. യു.എ.ഇയിലെ ചെറുകിട വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിന്റെ തീരുമാനം. അടുത്ത മൂന്ന് വർഷത്തിനകം രാജ്യത്തെ 13,500 സ്ഥാപനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും 30 ബില്യൺ ദിർഹം വായ്പ ലഭ്യമാക്കും. ചെറുകിട മേഖലയിലെ സ്ഥാപനങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാനും വളർച്ച കൈവരിക്കാനും ഈ ധനസഹായം ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്. നിർമാണ മേഖല, ഉന്നത സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ പരിരക്ഷ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ചാണ് വായ്പാവിതരണം. ബാങ്കിന്റെ ഈ വർഷത്തെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. വ്യവസായ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, ചെറുകിട വ്യവസായ സഹമന്ത്രി ഡോ. അഹമ്മദ് ബെൽഹൂൽ അൽ ഫലാസി തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

