എമിറേറ്റ്സ് പോസ്റ്റ് ഇന്ത്യയിലേക്ക് തപാൽസേവനങ്ങൾ പുനരാരംഭിച്ചു
text_fieldsദുബൈ: യാത്രകൾക്കും ഗതാഗതത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ പശ്ചാത്തലത്തിൽ മാസങ്ങൾക്കുശേഷം എമിറേറ്റ്സ് പോസ്റ്റ് ഇന്ത്യയിലേക്കുള്ള തപാൽസേവനങ്ങൾ പുനരാരംഭിക്കുന്നു. എക്കണോമി മെയിൽ, സ്റ്റാൻഡേഡ് മെയിൽ, രജിസ്ട്രേഡ് മെയിൽ, സ്റ്റാൻഡേഡ് പാക്കറ്റുകൾ, സ്റ്റാൻഡേഡ് പാർസലുകൾ, എക്സ്പ്രസ് പാർസലുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലേക്കുള്ള എല്ലാ സേവനങ്ങളും എമിറേറ്റ്സ് പോസ്റ്റ് പുനരാരംഭിച്ചു. വീണ്ടും തപാൽ ചാനൽ തുറന്നുനൽകിയതോടെ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഇനങ്ങൾ, സമ്മാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കയറ്റുമതികൾക്കും അവസരമൊരുങ്ങിയിട്ടുണ്ട്. ‘ലോകം ജാഗ്രതയോടെ വീണ്ടും തുറക്കുമ്പോൾ, ഇന്ത്യപോലെ പ്രധാന ആഗോള പങ്കാളികളുമായി ചാനലുകൾ പുനഃസ്ഥാപിക്കുന്നത് സാമൂഹിക-സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിൽ ഒരിക്കൽ കൂടി നിർണായകമാകും. ഇന്ത്യ എല്ലായ്പ്പോഴും ഞങ്ങളുടെ പ്രധാന വിപണികളിലൊന്നാണ്, യു.എ.ഇയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി.
കഴിഞ്ഞ വർഷംമാത്രം 180 ടൺ ചെറിയ പാക്കറ്റുകളും പാർസലുകളും ഇന്ത്യയിലുടനീളം ഞങ്ങൾ എത്തിച്ചു. വർഷംതോറും വളർച്ച പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ - എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽഅശ്റം പറഞ്ഞു. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ച് എമിറേറ്റ്സ് പോസ്റ്റിന് ഇന്ത്യയിൽ വിശാലമായ ശൃംഖലയാണുള്ളത്. പ്രധാന മെട്രോപൊളിറ്റൻ ഏരിയകളായ ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും കേരളത്തിലുടനീളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലുംവരെ യു.എ.ഇയിൽനിന്ന് വളരെയധികം പോസ്റ്റുകൾ അയക്കുന്നുണ്ട്. എമിറേറ്റ്സ് പോസ്റ്റ് ശാഖകൾ, സോർട്ടിങ് ആൻഡ് ഡെലിവറി സെൻററുകൾ, ഓഫിസുകൾ, ഡെലിവറി വാഹനങ്ങൾ, എല്ലാ മെയിൽ-പാർസൽ ഇനങ്ങൾ എന്നിവയെ ആരോഗ്യ, സുരക്ഷ പ്രോട്ടോക്കോളുകളിൽ ഉൾപ്പെടുത്തി പതിവായ അണുവിക്തമാക്കൽ ഉറപ്പുവരുത്തിയാണ് വീണ്ടും തുറന്നത്. എല്ലാ കൊറിയറുകളും അവയുടെ താപനില ദിവസവും പരിശോധിക്കുന്നുണ്ടെന്നും സ്പർശന രഹിതമായി ഷിപ്മെൻറ് നടത്തുന്നതിന് ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് പോസ്റ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
