ഷാർജയിലെ മൂന്നുദിന അവധി കുടുംബങ്ങളിൽ ഉണർവുണ്ടാക്കിയെന്ന് പ്രമുഖർ
text_fieldsഅന്താരാഷ്ട്ര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം വേദി
ഷാർജ: വെല്ലുവിളികളെ അവസരങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ സർക്കാർ നയങ്ങൾക്ക് കഴിയുമെന്ന് രണ്ടുദിവസങ്ങളിലായി നടന്ന 11ാമത് അന്താരാഷ്ട്ര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം അഭിപ്രായപ്പെട്ടു. എമിറേറ്റിൽ ഈ വർഷം തുടക്കം മുതൽ നടപ്പിലാക്കിയ മൂന്നുദിന വാരാന്ത്യ അവധി സമ്പ്രദായം ചൂണ്ടിക്കാണിച്ചാണ് പ്രമുഖർ ഇക്കാര്യം വിശദീകരിച്ചത്.
മൂന്നുദിന അവധി കുടുംബങ്ങളിൽ ഉണർവിനും കൂടുതൽ ഐക്യത്തിനും കാരണമായി. കുടുംബങ്ങളിലെ മാറ്റം സാമൂഹിക വെല്ലുവിളികൾ നേരിടുന്നതിന് ഏറെ സഹായകമായി -സമ്മേളനം ചൂണ്ടിക്കാട്ടി. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയുടെ സംരംഭമായ ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്ററാണ് 'വെല്ലുവിളികളും പരിഹാരങ്ങളും' എന്ന പ്രമേയത്തിൽ എക്സ്പോ സെന്ററിൽ ഫോറം സംഘടിപ്പിച്ചത്. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശെശഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ മാത്രം നൽകുന്ന രീതിയിൽ ഷാർജയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ശാക്തീകരണത്തിന് ഏറെ സഹായകമായതായി ചടങ്ങിൽ സംസാരിച്ച ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഷാർജ ഇന്ന് യുനിസെഫ് അംഗീകൃത ശിശുസൗഹൃദ നഗരമാണ്. യുവാക്കൾക്കും വികലാംഗർക്കും തുല്യ അവസരങ്ങൾ ഇവിടെ ലഭിക്കുന്നു. മുതിർന്ന പൗരന്മാർക്കും മറ്റ് ദുർബല ജനവിഭാഗങ്ങൾക്കും പ്രത്യേക പരിചരണ വ്യവസ്ഥ നിലവിലുള്ള ആദ്യത്തെ അറബ് നഗരം കൂടിയാണിത്. കുടുംബ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിൽ നാലുദിവസത്തെ തൊഴിൽ നിയമം നടപ്പിലാക്കിയ അറബ് ലോകത്തെ ആദ്യത്തെ നഗരവുമാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികവും ആഗോളവുമായ ഭരണ വെല്ലുവിളികളെയും സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കാൻ സർക്കാർ ആശയവിനിമയം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിൽ ഫോറത്തിലെ വിവിധ സെഷനുകളിൽ പ്രമുഖർ അഭിപ്രായങ്ങൾ പങ്കുവെച്ചു. അന്താരാഷ്ട്ര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറം വ്യാഴാഴ്ച സമാപിച്ചു.
സർക്കാർ ആശയവിനിമയം അനിവാര്യം -ശശി തരൂർ
ഷാർജ: ഏതൊരു പുരോഗമന രാജ്യത്തും ജനങ്ങൾക്ക് സന്തോഷകരമായ സമൂഹവും സുസ്ഥിരമായ ഭാവിയും ലഭിക്കുന്നതിന് ഫലപ്രദമായ സർക്കാർ ആശയവിനിമയം അത്യന്താപേക്ഷിതമാണെന്ന് എഴുത്തുകാരനും ഇന്ത്യൻ പാർലമെന്റ് അംഗവുമായ ശശി തരൂർ പറഞ്ഞു.
അന്താരാഷ്ട്ര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിൽ പ്രമുഖർ പങ്കെടുത്ത സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശയവിനിമയത്തിന്റെ ഉദ്ദേശ്യം ഭരണം ഏറ്റവും സുതാര്യതയോടെ, വിശ്വസനീയമായ രീതിയിൽ കാണിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോർബ്സ് മീഡിയ ചെയർമാനും എഡിറ്റർ ഇൻ ചീഫുമായ സ്റ്റീവ് ഫോർബ്സ്, യു.എ.ഇ ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് ഹാജി അൽഖൂരി തുടങ്ങിയവരും ചർച്ചയിൽ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

