പ്രമുഖ ഇമാറാത്തി ചരിത്രകാരൻ പീറ്റർ ഹെല്യർ അന്തരിച്ചു
text_fieldsദുബൈ: പ്രമുഖ ഇമാറാത്തി ചരിത്രകാരനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പീറ്റർ ഹെല്യർ അന്തരിച്ചു. ബ്രിട്ടനിൽ നിന്ന് 1975ൽ യു.എ.ഇയിലെത്തിയ ഇദ്ദേഹം രാജ്യത്തെ മാധ്യമ, സാംസ്കാരിക സംവിധാനങ്ങളുടെ വികാസത്തിന് നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. ഡോക്യുമെന്ററി സംവിധായകനായാണ് പീറ്റർ ഹെല്യർ യു.എ.ഇയിൽ എത്തിച്ചേരുന്നത്.
പിന്നീട് രാജ്യത്ത് തുടരാൻ തീരുമാനിക്കുകയും സർക്കാർ കമ്യൂണിക്കേഷൻ വിഭാഗത്തിൽ വിവിധ ചുമതലകൾ വഹിക്കുകയുമായിരുന്നു. യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. വാർത്ത ഏജൻസിയായ ‘വാം’ ഇംഗ്ലീഷ് വിഭാഗം സ്ഥാപകനായിരുന്നു.
യു.എ.ഇയിലെ പാരിസ്ഥിതിക, പുരാവസ്തു പൈതൃകത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പുരാവസ്തു ഗവേഷണ മേഖലയിലെ സംഭാവനകളിലൂടെ പ്രശസ്തനായ ഇദ്ദേഹം അബൂദബി ആർക്കിയോളജിക്കൽ സർവേയുടെ സഹ സ്ഥാപകനും ഡയറക്ടറുമായിരുന്നു. നിരവധി പുരാതന ചരിത്ര സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ സ്ഥാപനം നേതൃത്വം നൽകിയിട്ടുണ്ട്.
എമിറേറ്റ്സ് നാച്വറൽ ഹിസ്റ്ററി കൂട്ടായ്മയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. നിരവധി സർക്കാർ ഇയർബുക്കുകളിൽ എഴുതുകയും ചെയ്തിട്ടുണ്ട്. ‘ഫുജൈറ: ഒരു അറേബ്യൻ മുത്ത്’, ‘അൽ ഐൻ: മരുപ്പച്ചകളുടെ നഗരം’ എന്നീ പുസ്തകങ്ങളുടെ സഹ എഴുത്തുകാരനുമായിരുന്നു. പീറ്റർ ഹെല്യറുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായി വാർത്ത ഏജൻസി ‘വാം’ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

