കുളിരിൽ പുതച്ച് ഇമാറാത്ത്; എങ്ങും ആഘോഷം
text_fieldsഅബൂദബി: ജനുവരിയില്‍ ആരംഭിച്ച ശൈത്യം ഫെബ്രുവരിയിലേക്ക് കടന്നതോടെ ആവേശകരമായ അനേകം സാംസ്കാരിക, വിനോദ, കായിക പരിപാടികളിലേക്ക് മിഴി തുറക്കുകയാണ് രാജ്യം. ഫെബ്രുവരി എട്ട് വരെ നടക്കുന്ന മുബാദല അബൂദബി ഓപണാണ് ഇവയിലൊന്ന്. ടെന്നിസ് പ്രേമികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാവും മുബാദല അബൂദബി ഓപൺ. ബബിള്‍ പ്ലാനറ്റ് ആണ് മറ്റൊരു ആകര്‍ഷണം. ജയന്റ് ബോള്‍ പിറ്റ്, ഒപ്റ്റികല്‍ ഇല്യൂഷന്‍സ്, ബബിള്‍ ടണല്‍സ്, വി.ആര് തുടങ്ങിയ 11 തീമുകളായി ഇവിടെ തയ്യാറാക്കിയിരുന്ന റൂമുകള്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരും. ഫെബ്രുവരി 20 വരെയാണ് ബബിള്‍ പ്ലാനറ്റ് പ്രവര്‍ത്തനം. ഇമാറാത്തി സംസ്കാരങ്ങള്‍ ആഘോഷിക്കുന്ന അല്‍ഹൊസന്‍ ഫെസ്റ്റിവലും വേറിട്ട കാഴ്ചവിരുന്നൊരുക്കുന്നതാണ്.
പഴയകാല മാര്‍ക്കറ്റുകള്‍, കരകൗശലവസ്തുക്കളുടെ ശില്‍പ്പശാല, തല്‍സമയ പ്രകടനങ്ങള്‍, ഇമാറാത്തി ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയവ കണ്ടും കേട്ടും രുചിച്ചും അറിയുന്നതിന് ഫെസ്റ്റിവല്‍ വേദിയൊരുക്കുന്നു. ഉമ്മു അല്‍ ഇമാറാത്ത് പാര്‍ക്ക്, അല്‍ ഐന്‍, അബൂദബി ബസ് ടെര്‍മിനല്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ തുറസ്സായ ആര്‍ട്ട് ഗാലറി സജ്ജീകരിച്ച പബ്ലിക് ആര്‍ട് അബൂദബി ബിനാലെയും കണ്ണിന് വിരുന്നൊരുക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70ലേറെ കലാകാരന്മാരാണ് ബിനാലെയില്‍ തങ്ങളുടെ കലാപ്രദര്‍ശനം നടത്തുന്നത്. ഏപ്രില്‍ 20 വരെയാണ് ബിനാലെ നടക്കുക. ടിക്കറ്റിനായി https://abu-dhabi.platinumlist.net/ സന്ദര്‍ശിക്കുക. ഇക്കൊല്ലത്തെ ശൈത്യകാല ആഘോഷങ്ങള്‍ കലാശക്കൊട്ടിലേക്ക് കടക്കവേ അബൂദബിയില്‍ വിവിധ പരിപാടികളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ അല്‍ വത്ബ നഗരിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വൈവിധ്യങ്ങളായ അനുഭവങ്ങളാണ് ഓരോ ഘട്ടത്തിലും സമ്മാനിക്കുന്നത്. അല്‍വത്ബയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 28വരെ നീണ്ടു നിൽക്കും. കരിമരുന്ന് പ്രകടനങ്ങള്‍, ഡ്രോണ്‍ ഷോ എന്നിവയ്ക്കു പുറമേ ഏവരെയും അമ്പരിപ്പിക്കുന്ന മറ്റു പരിപാടികളും ഫെസ്റ്റിവലിന്റെ ആകർഷണങ്ങൾ ആണ്. എമിറേറ്റ്സ് ഫൗണ്ടെയ്നിലെ തദ്സമയ പരിപാടികള്‍ക്കു പുറമേ ലേസര്‍ ഷോ, ഡ്രോണ്‍ ഷോ, അല്‍ വത്ബ ഫ്ളോട്ടിങ് മാര്‍ക്കറ്റ്, ഫ്ളയിങ് റസ്റ്റോറന്റ് തുടങ്ങി ആയിരക്കണക്കിന് പരിപാടികളാണ് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അണിയിച്ചൊരുക്കിരിക്കുന്നത്.
യു.എ.ഇയുടെ പൈതൃകസമ്പന്നത ലോകത്തുടനീളമുള്ള സന്ദര്‍ശകര്‍ക്കായി കാണിച്ചുനല്കുന്ന യു.എ.ഇ ഹെറിറ്റേജ് പവലിയനില്‍ പ്രാദേശിക വിപണിയും കരകൗശലവസ്തുക്കളും പരമ്പരാഗത കലാപരിപാടികളുമൊക്കെയുണ്ട്. നാഷനല്‍ ആര്‍കൈവ്സ് ആന്‍ഡ് ലൈബ്രറി, സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്, അബൂദബി കാര്‍ഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അഗ്രികള്‍ച്ചറല്‍ എക്സലന്‍സ് അവാര്‍ഡ്, ഖലീഫ ബന് സായിദ് ആല് നഹ്യാന് ഫൗണ്ടേഷന്, അബൂദബി മജ്ലിസ്, കാമല്‍ റേസിങ് ഫെഡറേഷന്, അബൂദബി പോലീസ്, അബൂദബി ജുഡീഷ്യല്‍ വകുപ്പ്, സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, അറേബ്യന്‍ സലൂക്കി സെന്റര്‍ തുടങ്ങി ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ശൈഖ് സായിദ് ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
വൈകീട്ട് നാലുമുതല്‍ അര്‍ധരാത്രിവരെയാണ് ഫെസ്റ്റിവലില്‍ പ്രവേശനം. ആഴ്ചാന്ത്യങ്ങളില്‍ പുലര്‍ച്ചെ ഒന്നു വരെയും ഫെസ്റ്റിവല്‍ വേദിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

