ഇമാർ ഗ്രൂപ്പിന്റെ മെഗാ മാൾ കശ്മീരിൽ ഉയരുന്നു
text_fieldsശ്രീനഗറിലെ മെഗാമാളിന്റെ തറക്കല്ലിടൽ ജമ്മു-കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ നിർവഹിക്കുന്നു
ദുബൈ: ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാർ ഗ്രൂപ്പിന്റെ കൂറ്റൻ മാൾ ജമ്മു-കശ്മീരിലെ ശ്രീനഗറിൽ ഉയരുന്നു. ഇതിന്റെ തറക്കല്ലിടൽ കഴിഞ്ഞദിവസം ജമ്മു- കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ നിർവഹിച്ചു. ബുർജ് ഖലീഫ, ദുബൈ മാൾ ഉൾപ്പെടെ ദുബൈയിലെ വമ്പൻ പ്രോജക്ടുകളുടെ ഉടമകളായ ഇമാർ ഗ്രൂപ് 500 കോടി രൂപയാണ് ശ്രീനഗറിൽ നിക്ഷേപിക്കുന്നത്. മാൾ ഓഫ് ശ്രീനഗർ എന്നു പേരിട്ടിരിക്കുന്ന മെഗ മാളിന് മാത്രം 250 കോടി രൂപ ചെലവഴിക്കും. ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റും മാളിലുണ്ടാകും.
കശ്മീരിൽ ഒരു വിദേശ സ്ഥാപനം ആദ്യമായി നിർമിക്കുന്ന മെഗാ മാളാണിത്. ജമ്മു- കശ്മീരിലെ ആദ്യ വിദേശനിക്ഷേപവുമാണ്. ജമ്മുവിലെയും ശ്രീനഗറിലെയും ഐ.ടി ടവർ നിർമാണത്തിലും ഇമാർ മുതൽമുടക്കും. ഇതിനായി 150 കോടി രൂപ ചെലവഴിക്കും. 10 ലക്ഷം ചതുരശ്ര അടിയിലാണ് മെഗാമാൾ ഉയരുന്നത്. 2026ഓടെ നിർമാണം പൂർത്തിയാകും. 500ലേറെ വ്യാപാര സ്ഥാപനങ്ങൾ മാളിലുണ്ടാകും.
ലുലുവിന്റെ ഹൈപ്പർ മാർക്കറ്റിൽ 1500ഓളം കശ്മീരികൾക്ക് ജോലി നൽകും. കാർഷിക മേഖലക്കും കർഷകർക്കും ഗുണകരമാകുന്ന രീതിയിലായിരിക്കും ഹൈപ്പർ മാർക്കറ്റിന്റെ പ്രവർത്തനമെന്ന് ലുലു അധികൃതർ അറിയിച്ചു. മാളിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഇമാർ ഗ്രൂപ് സി.ഇ.ഒ അമിത് ജെയ്ൻ, ബോളിവുഡ് താരങ്ങളായ വിവേക് ഒബ്റോയ്, നീതു ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

