വിലവർധന തടയാൻ 627 ഷോപ്പുകളിൽ ഇലക്ട്രോണിക് സംവിധാനം
text_fieldsദുബൈ: റമദാനിൽ ഒമ്പത് അവശ്യ വസ്തുക്കളുടെ അന്യായ വിലവർധന കണ്ടെത്തുന്നതിനായി 627 പ്രധാന ചില്ലറ വിൽപന കേന്ദ്രങ്ങളിലുടനീളം ഇലക്ട്രോണിക് പ്രൈസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തി യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രാലയം. അന്യായ വില വർധനക്കെതിരെ വിപണിക്ക് മുന്നറിയിപ്പെന്ന നിലയിലാണ് പുതിയ നീക്കം. അവശ്യ വസ്തുക്കളുടെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനത്തിലധികം പ്രതിനിധാനംചെയ്യുന്ന ചില്ലറ വ്യാപാരികളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ വില തുടർച്ചയായി നിരീക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. യു.എ.ഇയുടെ അവശ്യവസ്തുക്കളുടെ ശേഖരം സമഗ്രവും ദീർഘകാല വിതരണം ഉറപ്പാക്കാൻ പര്യാപ്തവുമാണെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
റമദാന് മുന്നോടിയായി അന്യായ വിലവർധനയില്ലാതെ അവശ്യവസ്തുക്കളുടെ ലഭ്യത മാർക്കറ്റിൽ കാണാനാവും. പ്രാദേശിക വകുപ്പുകളുമായും വിതരണക്കാരുമായും സഹകരിച്ച് റമദാനിലുടനീളം 420 പരിശോധനകൾ നടത്തും. റമദാനിൽ സാധനങ്ങളുടെ ഒഴുക്ക് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ പ്രധാന ഇറക്കുമതി സ്ഥാപനങ്ങൾ, വിതരണക്കാർ എന്നിവരുമായി ചേർന്ന് 26 യോഗങ്ങൾ ഇതിനകം മന്ത്രാലയം നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഡേറ്റ കൃത്രിമത്വം, തെറ്റിദ്ധരിപ്പിക്കുന്ന വില റിപ്പോർട്ടിങ് അല്ലെങ്കിൽ വില വർധിപ്പിക്കാൻ ഗൂഢാലോചന എന്നിവക്കെതിരെ അധികൃതർ ചില്ലറ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യവസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

