സൂഖ് അൽ ഹറാജിൽ ഇലക്ട്രിക് കാറുകൾക്ക് പ്രിയം
text_fieldsഉപയോഗിച്ച കാറുകളുടെ മേഖലയിലെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ സൂഖ് അൽ ഹറാജിൽ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളും അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ വൻവർധന. ചാഞ്ചാടുന്ന ഇന്ധന വിലയാണ് ഉപഭോക്താക്കളെ ഇത്തരം ചെറിയ കാറുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് നാല് ദിർഹം കടന്ന സമയത്ത് ചെറിയ കാറുകൾക്ക് വൻ തോതിൽ വിലവർധന ഉണ്ടായിരുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ താരതമ്യേന നിരത്തിൽ കുറവായതിനാൽ യൂസ്ഡ് മാർക്കറ്റിലും ഇവയുടെ ലഭ്യത നന്നേ കുറവാണ്. പുതിയ കാറുകൾ മുൻകൂട്ടി ബുക്ക് ചെയ്തു കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സൂഖ് അൽ ഹറാജിലെ സീനിയർ മാനേജർ എൻജിനീയർ സഈദ് മതാർ അൽ സുവൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോക്കറ്റിനും പരിസ്ഥിതിക്കും ഒരേപോലെ സൗഹൃദമായതിനാൽ ഹൈബ്രിഡ് കാറുകൾക്ക് രാജ്യത്തിന് പുറത്തു നിന്നു പോലും ആവശ്യക്കാർ ഏറെയാണ്. ഇലക്ട്രിക് കാറുകളും ഈയിടെ ജനപ്രിയമായി മാറിയിട്ടുണ്ട്. 2016ൽ ആരംഭിച്ച സൂഖ് അൽഹറാജ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജ എയർപോർട്ട് ഫ്രീസോണിന് അടുത്താണ് സ്ഥിതിചെയ്യുന്നത്. പുതിയ കാറുകൾക്കായി ഒന്നാംനിര കമ്പനികളുടെയെല്ലാം ഷോറൂമുകളും പ്രീ ഓൺഡ് കാറുകൾക്കും ആഡംബര കാറുകൾക്കുമായി 415 ഓളം മറ്റ് ഷോറൂമുകളും ഇവിടെ പ്രവർത്തിക്കുന്നു.
കൂടാതെ സാധനസാമഗ്രികൾ വാങ്ങാനും വാഹന രജിസ്ട്രേഷനും ഗുണനിലവാര പരിശോധന നടത്താനും ഇവിടെ സൗകര്യമുണ്ട്. വാഹനസംബന്ധമായ ക്രയവിക്രയങ്ങളുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാർക്കറ്റാണ് സൂഖ് അൽ ഹറാജ്. മുമ്പ് നഗരമധ്യത്തിൽ അബുഷഗരയിൽ പ്രവർത്തിച്ചിരുന്ന യൂസ്ഡ് കാർ മാർക്കറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ആവശ്യക്കാരായി എത്തിയിരുന്നു. വില്പനക്കുള്ള കാറുകൾ പ്രദേശത്തെ മുഴുവൻ പാർക്കിംഗുകളും കൈയടക്കിയതോടെ താമസക്കാർക്ക് തങ്ങളുടെ കാറുകൾ പാർക്ക് ചെയ്യാൻ മണിക്കൂറുകൾ ചുറ്റിത്തിരിയേണ്ട അവസ്ഥയായിരുന്നു. എപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് കാരണമാണ് മുനിസിപ്പാലിറ്റി അധികൃതർ കൂടുതൽ സൗകര്യപ്രദമായ സൂഖ് അൽ ഹർജിലേക്ക് ഈ മാർക്കറ്റ് പറിച്ചുനട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

