ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ എട്ടുപേർക്ക് തടവും പിഴയും
text_fieldsഅബൂദബി: ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ എട്ടുപേരെ ശിക്ഷിച്ച് അബൂദബി കോടതി. മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് പ്രതികള്‍ക്ക് വിധിച്ചിരിക്കുന്നത്.
കുറ്റം ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനും കോടതി ഉത്തരവിട്ടു. പ്രതികളില്‍ മൂന്നുപേരെ ശിക്ഷ പൂര്‍ത്തിയാക്കുന്നതോടെ നാടുകടത്താനും വിധിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയും ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയും പ്രതികള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളടക്കം വാങ്ങിയെടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് കോടതി നടപടി. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കൈവശം വെക്കുകയും കൈമാറുകയും ചെയ്ത പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇവരെ ശിക്ഷിച്ചത്.
കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിവന്ന നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അതിനിടെ മക്കളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയോ ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയോ വരുന്ന അജ്ഞാതരുടെ സൗഹൃദാഭ്യര്‍ഥനകള്‍ സ്വീകരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കണമെന്നും അബൂദബി പബ്ലിക് പ്രോസിക്യൂഷന്‍ മാതാപിതാക്കളോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബ്ലാക്ക് മെയിലിന് ഇരയായാല്‍ എങ്ങനെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

