ഈദുൽ ഇത്തിഹാദ്: പൊതു അവധി പ്രഖ്യാപിച്ചു
text_fieldsദുബൈ: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് പൊതു അവധി. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ കൂടി വരുന്നതോടെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫലത്തിൽ നാല് ദിവസത്തെ അവധി ലഭിക്കും. സ്വകാര്യ ജീവനക്കാർക്ക് ഡിസംബർ രണ്ട്, മൂന്ന് ദിവസങ്ങളാണ് അവധി.
എന്നാൽ, ഷാർജയിൽ വെള്ളിയാഴ്ചകൂടി പൊതു അവധിയായതിനാൽ ഫലത്തിൽ അഞ്ചു ദിവസത്തെ അവധി ആഘോഷിക്കാം. പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പൊതു അവധി ദിനങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിനായി യു.എ.ഇയിൽ ഏകീകരിച്ച അവധി നയം നടപ്പിലാക്കിയിരുന്നു.
ഈ വർഷം മുതൽ ദേശീയ ദിന ആഘോഷങ്ങൾ ‘ഈദുൽ ഇത്തിഹാദ്’ എന്ന പേരിലായിരിക്കും ആഘോഷിക്കപ്പെടുക. ഡിസംബർ രണ്ടിനാണ് യു.എ.ഇയുടെ 53ാമത് ദേശീയ ദിനം. 1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകളുടെ ഏകീകരണം നടന്നത്. ആഘോഷങ്ങളുടെ ഔദ്യോഗിക ചടങ്ങുകൾ അൽഐനിൽവെച്ചാണ് നടത്തുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
വിവിധ എമിറേറ്റുകളിൽ കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ ഗംഭീരമായ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ റാസൽഖൈമയിൽ ഇത്തവണയും ഗിന്നസ് റെക്കോഡ് കരിമരുന്ന് പ്രയോഗമുണ്ടാകും.
ദുബൈയിൽ ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിൽ വെടിക്കെട്ട് ഒരുക്കുന്നുണ്ട്. കൂടാതെ മാളുകൾ, ബീച്ചുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ പതാക ഉയർത്തുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.