അത്ര ചെറുതല്ല, ഇൗ പെരുന്നാൾ സന്തോഷം
text_fieldsദുബൈ: മഹാമാരി തീർത്ത നിശ്ചലാവസ്ഥയെ അതിജീവിക്കാനുള്ള യത്നത്തിലാണ് ലോകം. പ്രതിസന്ധികളെ മറികടന്നു മുന്നേറുമ്പോഴും പ്രയാസങ്ങളിൽ തന്നെയാണ് പ്രവാസലോകവും. ഇൗയൊരു സ്തംഭനാവസ്ഥയിലേക്കാണ് നിറപ്പകിട്ടൊന്നുമില്ലാതെ പെരുന്നാൾ വന്നണയുന്നത്. ഓരോ രാജ്യങ്ങളും കൊട്ടിയടക്കപ്പെട്ടതോടെ കഴിയുന്നിടത്തുതന്നെ തുടരുകയെന്ന കേട്ടുകേൾവിയില്ലാത്ത ആജ്ഞയിലാണ് പെരുന്നാളും. എന്നാൽ, ആഘോഷങ്ങളൊന്നുമില്ലാത്ത പെരുന്നാൾ ദിനത്തിലും ആഹ്ലാദത്തിനുള്ള ചില സന്തോഷങ്ങൾ വിരുന്നെത്തിയിട്ടുണ്ട് പ്രവാസമണ്ണിൽ.
രോഗപീഡകൾ തീർക്കുന്ന വേദനയാൽ കഴിഞ്ഞ്, പ്രവാസലോകത്തെ കണ്ണീരായി മാറിയ രണ്ടുപേർക്ക് നാടണയാൻ മടക്കടിക്കറ്റ് ലഭിച്ചുവെന്നതാണ് ഇൗ ചെറിയ പെരുന്നാൾ സുദിനത്തിലെ വലിയ സന്തോഷം. മാറാരോഗത്താലും തീരാവേദനയാലും കഴിഞ്ഞ ഇവരുടെ ദുരിതജീവിതം യു.എ.ഇയിലെ മലയാളികൾ നിറകണ്ണുകളോടെയാണ് വായിച്ചത്.
വേദന സഹിച്ച് അൽഐനിൽ കഴിഞ്ഞിരുന്ന തിരൂർ സ്വദേശി അബ്ദുറഹ്മാൻ ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. ബാച്ചിലർ മുറിയിൽ കഴിഞ്ഞിരുന്ന മലപ്പുറം ചങ്ങരംകുളത്തെ ഇസ്മായിൽ 26ന് നാട്ടിലേക്ക് മടങ്ങും. ദുരിതങ്ങൾക്കിടയിലും ചില മുഖങ്ങളിൽ നിറകൺചിരി വിരിയിക്കുന്നുണ്ടെന്ന സന്തോഷം തന്നെയാണ് പ്രതീക്ഷയുടെ പെരുന്നാൾ പകർന്നുവെക്കുന്നത്.
ചോദ്യങ്ങൾക്ക് ഉത്തരമായി; ഇസ്മായിൽ 26ന് നാട്ടിലേക്ക് മടങ്ങും
ദുബൈ: ‘എനിക്ക് എന്നാണ് നാട്ടിലേക്ക് പോകാനാവുക?’ എന്ന ഇസ്മായിലിെൻറ ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിച്ചിരിക്കുന്നു. പാർക്കിൻസൺസ് രോഗത്താൽ വലഞ്ഞ് ശരീരമാകെ വിറയൽ അനുഭവപ്പെട്ട് ബാച്ചിലർ മുറിയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഇസ്മായിലിന് നാട്ടിലേക്കുള്ള വാതിൽ തുറന്നിരിക്കുന്നു. ഇതിനുള്ള അനുമതികളെല്ലാം ലഭിച്ചതായി ഇസ്മായിലും മുറിയിലുള്ളവരും ആനന്ദാശ്രുക്കളോടെ പറഞ്ഞു. 26ന് ഉച്ചക്ക് ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് പറക്കുന്ന വിമാനത്തിൽ അദ്ദേഹം പിറന്ന മണ്ണിലേക്ക് യാത്ര തിരിക്കും. പ്രവാസഭൂമി ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ സർവസന്നാഹത്തോടെ യാത്രക്കാരുമായി ആദ്യ വിമാനം മലയാളക്കരയിലേക്ക് പറന്ന ദിവസം നിരാശനായി മുറിയിൽ തന്നെ രോഗപീഡയാൽ കഴിഞ്ഞ ഇസ്മായിലിെൻറ ദുരിതജീവിതം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നടത്തിയ ഇടപെടലുകളെ തുടർന്നാണ് വേഗത്തിൽ തന്നെ നാടണയാൻ സഹായകരമായതെന്ന് കൂടെയുള്ളവർ പറഞ്ഞു.
മൂന്നര പതിറ്റാണ്ടുമുമ്പ് ദുബൈയിൽ തൊഴിൽ തേടിയെത്തിയ മലപ്പുറം ചങ്ങരംകുളത്തെ ഇസ്മായിൽ നാളിതുവരെ വിവിധ ഗ്രോസറികളിലെ ജീവനക്കാരനായിരുന്നു. കുടുംബത്തിന് താങ്ങാവുന്നതിനായി നേരവും കാലവും നോക്കാതെ ഉത്സാഹത്തോടെ ഓടിനടന്ന് ഇസ്മായിൽ ജോലി ചെയ്തു. ഇതിനിടയിൽ എട്ടുവർഷം മുമ്പ് കടന്നുവന്ന പാർക്കിൻസൺസ് രോഗമാണ് ജീവിതത്തിൽ വില്ലനായത്. എന്നിട്ടും വിഷമതകൾ ഏറെ സഹിച്ച് ഏഴു വർഷത്തോളം വീണ്ടും ജോലി ചെയ്തു. ഒടുവിൽ ഉടുതുണി ഉടുക്കാൻ പോലും വിറയാർന്ന കൈകൾ വഴങ്ങാതെ വന്നതോടെ, പ്രതീക്ഷകളുടെ നാട്ടിൽനിന്ന് പിറന്ന മണ്ണിലേക്കുള്ള തിരികെയാത്രക്ക് മനസ്സിനെ പറഞ്ഞു സമ്മതിപ്പിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി വിസ കാൻസൽ ചെയ്തു തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കോവിഡിെൻറ കടന്നുവരവ്. പിന്നാലെ സർവം വിലക്കിലായതോടെ ഇസ്മായിലും മുറിയുടെ നാലു ചുവരുകൾക്കുള്ളിലൊതുങ്ങി.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം വന്നതോടെ നോർക്കയിലും എംബസിയിലുമെല്ലാം, രോഗിയാണെന്ന് പ്രത്യേകം സൂചിപ്പിച്ചുതന്നെ ഇസ്മായിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, ദുരിതത്തിനിടയിലും ആദ്യവിമാനത്തിൽ നാട്ടിലേക്ക് തിരിക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഇസ്മായിൽ, വിമാനം പറക്കുന്നത് കണ്ടത് മുറിയിലിരുന്ന് ടി.വിയിലൂടെയായിരുന്നു. സ്ഥിരം കഴിക്കേണ്ട മരുന്നുകൾ തീർന്ന് നാളുകൾ പിന്നിട്ടതും പ്രശ്നം രൂക്ഷമാക്കിയിരുന്നു.
‘‘എന്തായാലും ലാസ്റ്റില് എെൻറ പേര് വന്നു, നാട്ടിൽ പോയിട്ട് ചികിത്സ തുടരണം. അല്ലാതെ വിറക്കുന്ന ശരീരവുമായി എങ്ങനെ കഴിയാനാ’’ - പ്രതീക്ഷ നിറഞ്ഞ വാക്കുകളാൽ ഇസ്മായിൽ നന്ദി പറഞ്ഞു. ഇസ്മായിൽ താമസിക്കുന്ന ബാച്ചിലർ മുറി ഒന്നടങ്കം പ്രിയപ്പെട്ട അവരുടെ ഇക്കയെ നാട്ടിലേക്ക് യാത്രയയക്കുന്ന തയാറെടുപ്പിലാണിപ്പോൾ. ശരീരമാകെ വിറയാൽ മൂടുന്ന ഇസ്മായിലിെൻറ ജീവിതം അത്രയേറെ വേദനയായിരുന്നു കൂടെ താമസിക്കുന്നവരിലുമുണ്ടാക്കിയത്.

ചേർത്തുപിടിച്ചവർക്കെല്ലാം നന്ദിപറഞ്ഞ് അബ്ദുറഹ്മാൻ നാടണഞ്ഞു
ദുബൈ: നിൽക്കാനും ഇരിക്കാനും പറ്റാത്ത വേദനയിൽ ജീവിച്ച തിരൂർ സ്വദേശി ഒടുവിൽ ആശ്വാസത്തോടെ നാട്ടിലേക്ക് പറന്നു. വെരിക്കോസ് വെയിനും പ്രമേഹവും ബാധിച്ച് അൽഐനിൽ വേദനതിന്ന് കഴിഞ്ഞിരുന്ന അബ്ദുറഹ്മാന് സുമനസ്സുകളുടെ സഹായഹസ്തമാണ് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്. അൽഐനിലെ മുറിയിൽ േവദനയാൽ പുളയുന്ന ഇദ്ദേഹത്തിെൻറ ജീവിതാവസ്ഥ വിശദീകരിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് സാമൂഹിക സന്നദ്ധ സംഘടനകളും കാരുണ്യ പ്രവർത്തകരും അബ്ദുറഹ്മാനെ ചേർത്തുപിടിക്കാനെത്തിയത്.
നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ രോഗകാഠിന്യവും ജീവിതാവസ്ഥയും സന്നദ്ധ സംഘടനകൾ എംബസി അധികൃതർക്ക് മുമ്പാകെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് വളരെ വേഗത്തിൽ തന്നെ തിരികെ യാത്രക്കുള്ള അവസരമൊരുങ്ങിയത്. കെ.എം.സി.സി, ഐ.സി.സി, പ്രവാസി ഇന്ത്യ, ടീം തിരൂർ തുടങ്ങി നിരവധി സംഘടനകളാണ് കാരുണ്യവായ്പുകളുമായി ഇദ്ദേഹത്തിെൻറ കാര്യങ്ങളിൽ ഇടപെടാനെത്തിയത്. ഒടുവിൽ കെ.എം.സി.സി സമ്മാനിച്ച ടിക്കറ്റുമായി ശനിയാഴ്ച ഉച്ചക്കാണ് അബ്ദുറഹ്മാൻ നാട്ടിലേക്ക് തിരിച്ചത്.
‘‘എല്ലാത്തിനും എല്ലാരോടും നന്ദിയുണ്ട്, ഇതുപോലെ മടങ്ങാനാകുമെന്ന് കരുതിയതല്ല. പടച്ചോെൻറ കൃപയും നിങ്ങളുടെയെല്ലാം സഹായവും’’- കണ്ണീരാൽ വിതുമ്പി അബ്ദുറഹ്മാൻ പറഞ്ഞു. ദുബൈയിൽനിന്ന് കണ്ണൂരിലേക്കാണ് യാത്ര. അവിടെനിന്ന് ജില്ല ഭരണകൂടത്തിെൻറയും ഡി.എം.ഒയുടെയും നിർദേശപ്രകാരം മലപ്പുറത്തേക്ക് തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നര പതിറ്റാണ്ടു കാലത്തോളം ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുത്ത ഇദ്ദേഹം പ്രവാസത്തിെൻറ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് സ്വസ്ഥമാകാൻ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പക്ഷേ, ജീവിതപ്രാരബ്ധങ്ങളും തീർത്താൽ തീരാത്ത സാമ്പത്തിക പ്രയാസങ്ങളുമാണ് ഇദ്ദേഹത്തെ വീണ്ടും മരുഭൂമിയിലെത്തിച്ചത്. നല്ലൊരു ജോലി തരപ്പെടുത്തി കുടുംബത്തിലെ അവശേഷിക്കുന്ന ദുരിതങ്ങൾക്ക് തന്നാലാവും വിധം അറുതിവരുത്താനാണ് 66ാം വയസ്സിൽ വീണ്ടും പ്രവാസിയായി അബ്ദുറഹ്മാൻ യു.എ.ഇയിലേക്കെത്തുന്നത്.
നാട്ടിലെ പരിചയക്കാരെൻറ കട തേടിയായിരുന്നു അൽഐനിലേക്ക് നേരിട്ടെത്തിയത്. ഗ്രോസറികളിൽ ജോലിയെടുക്കുന്ന ജീവനക്കാർ താമസിക്കുന്ന ബാച്ചിലർ മുറിയിലാണ് വാസം. വിസിറ്റ് വിസയിൽനിന്ന് ജോലി തരപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് അസുഖം കലശലായത്. ഇതിനിടെ ലോക്ഡൗൺ വന്നതോടെ ജോലി അന്വേഷണവും മുടങ്ങി. പിന്നാലെ മരുന്നുകളും തീർന്നതോടെ വേദനയിൽ തന്നെയായി അബ്ദുറഹ്മാെൻറ ജീവിതം.
കൈയിൽ പണമില്ലാത്തതിനാൽ പകരമുള്ള മരുന്ന് വാങ്ങാൻ പോലും കഴിയാതെയായി. മുറിയിലുള്ളവർ കൊടുക്കുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. ഇതിനിടെ വിസിറ്റ് വിസയുടെ കാലാവധിയും അവസാനിച്ചു. ദുരിതത്തിൽ മുങ്ങിത്താഴുമെങ്കിലും വേദനയില്ലാതെ കഴിയാമല്ലോ എന്നോർത്താണ് അബ്ദുറഹ്മാൻ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, നിരാശനായി കാത്തിരിക്കാനായിരുന്നു വിധി. വാർത്ത പുറത്തറിഞ്ഞതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ സമീപിച്ചത്. സന്നദ്ധ സംഘടനകളുടെ മികവാർന്ന പ്രവർത്തനത്തിലാണ് ഇദ്ദേഹത്തിന് തിരികെ യാത്ര സാധ്യമായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
