ഇൗദ് ദിനത്തിലും വീട്ടിലിരിക്കാം, വലിയ ഉത്തരവാദിത്തമുള്ളവരാകാം
text_fieldsദുബൈ: മഹാമാരിയെ ഭൂലോകത്തുനിന്ന് മായ്ച്ചുകളയാൻ രാജ്യം കച്ചകെട്ടിയിറങ്ങിയ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ച് ഇൗദ് ആഘോഷങ്ങളിലും മിതത്വവും ഉത്തരവാദിത്തവും കാട്ടാൻ എല്ലാവരും തയാറാകണമെന്ന് ദുബൈ മുനിസിപ്പാലിറ്റി നിർദേശിച്ചു. നിലവിൽ തുടരുന്നത് പോലെ പള്ളികൾ അടഞ്ഞുതന്നെ കിടക്കും, ഇൗദ് പ്രാർഥനകളും നടക്കില്ല. ഇതെല്ലാം പൊതുജനസമ്പർക്കം ഇല്ലാതാക്കുന്നതിനായാണ്. അതുകൊണ്ടുതന്നെ അനാവശ്യമായി പുറത്തിറങ്ങുകയോ ചുറ്റിത്തിരിയുകയോ ചെയ്യാതെ, ആഘോഷങ്ങൾ വീട്ടിനുള്ളിൽ പരിമിതപ്പെടുത്തുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുനസിപ്പാലിറ്റി ഓർമിപ്പിച്ചു.
കുട്ടികൾക്ക് ഈദിയ (പെരുന്നാൾ സമ്മാനങ്ങൾ) വിതരണം ചെയ്യുന്നതും മുനിസിപ്പാലിറ്റി വിലക്കി. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇൗദിയ നൽകാതിരിക്കുകയാണ് ഉത്തമം. ഈദിയ ശേഖരിക്കുന്നതിനായി സമീപ പ്രദേശങ്ങളിൽ കുട്ടികൾ ചുറ്റിത്തിരിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായും മുനിസിപ്പാലിറ്റി അറിയിച്ചു. ഇൗദിനോടനുബന്ധിച്ച് ദുബൈയിൽ പല ഇളവുകളുമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും കർശനമായ നിയന്ത്രണങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
ബ്യൂട്ടി സലൂണുകൾക്ക് ഉപഭോക്താക്കളെ സ്വീകരിച്ച് സേവനം നൽകുന്നതിന് തടസ്സമില്ല, എന്നാൽ വീടുകളിൽ പോയുള്ള സേവനങ്ങൾ അനുവദനീയമല്ല. ലേഡീസ് സലൂണുകൾ ഹെയർ സ്റ്റൈലിങ്ങും നെയിൽസർവിസുകളും അപ്പോയിൻറ്മെൻറ് പ്രകാരം നൽകാനാവും. പുരുഷന്മാർക്കുള്ള സലൂണുകൾക്ക് ഹെയർകട്ട് സേവനങ്ങൾ അപ്പോയിൻറ്മെൻറ് എടുത്തവർക്ക് നൽകാം, എന്നാൽ ഷേവിങ് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
വീടുകളിലും ഫാമുകളിലും സ്വകാര്യ ഈദ് ഒത്തുചേരലിന് ആതിഥ്യം വഹിക്കുന്നത് അനുവദനീയമല്ലെന്നും ഇതിൽ നിന്നും പൗരന്മാരും താമസക്കാരും നിർബന്ധമായും വിട്ടുനിൽക്കണമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാനും 3,000 ദിർഹം പിഴ ഒഴിവാക്കാനും നഗരസഭ നിർദേശിച്ചു.