പെരുന്നാളിലും പള്ളികൾ അടഞ്ഞുതന്നെ, തക്ബീർധ്വനികൾ മുഴങ്ങും
text_fieldsദുബൈ: പൊതുജനസമ്പർക്കം ഇല്ലാതാക്കുന്നതിനായി പള്ളികൾ പൂർണമായും അടച്ചിട്ട നടപടി ഇൗദുൽ ഫിത്വ്ർ ദിനത്തിലും തുടരുമെന്നും വിശ്വാസികൾ പെരുന്നാൾ നമസ്കാരവും വീടുകളിൽ വെച്ച് തന്നെ നിർവഹിക്കണമെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. സുരക്ഷ നടപടികൾ പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസൈനി പൗരന്മാരെയും താമസക്കാരെയും ഓർമിപ്പിച്ചു. ഈദുൽ ഫിത്വ്റിനിടെ യു.എ.ഇ യിലുടനീളമുള്ള പള്ളികൾ അടച്ചിടുന്നത് തുടരുമെന്നും ഈദിന് പ്രത്യേക പ്രാർഥനകൾക്ക് മുമ്പായി ചൊല്ലുന്ന തക്ബീർ നമസ്കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികളിൽ നിന്ന് പ്രക്ഷേപണം ചെയ്യുമെന്നും വക്താവ് ചൂണ്ടിക്കാട്ടി. വെർച്വൽ വാർത്തസമ്മേളനത്തിലാണ് യു.എ.ഇ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി, സുരക്ഷ നടപടികൾ പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാരെയും പ്രവാസികളെയും ഓർമപ്പെടുത്തിയത്. ഈദ് നമസ്കാരത്തിന് ശേഷം ഒരു പ്രസംഗവും നടക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ് വക്താവ് ശൈഖ് അബ്ദുൽ റഹ്മാൻ അൽ ഷംസി പറഞ്ഞു. എല്ലാവരോടും ഈദിനെ സന്തോഷത്തോടും പ്രത്യാശയോടെയും സ്വാഗതം ചെയ്യണമെന്നും സമൂഹമാധ്യമങ്ങൾ വഴി അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 ബാധിതരുമായി ബന്ധംപുലർത്തിയതായി സ്ഥിരീകരിക്കുന്നതിന് അൽ ഹോസ്ൻ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ തയാറാക്കിയതായി ഡോ. ഫരീദ പറഞ്ഞു. എന്നാൽ ഇവ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിെൻറ ട്രാക്കിങ് പ്രക്രിയ പൂർത്തീകരിക്കാൻ 48 മണിക്കൂറിലധികം സമയമെടുക്കുമെന്നും അവർ വിശദമാക്കി. ആളുകളുടെ മെമ്മറിയെയും സത്യസന്ധതയെയും ആശ്രയിച്ചാണ് ട്രാക്കിങ് പ്രക്രിയ നടത്തുന്നത്. ആർടിഫിഷ്യൽ ഇൻറലിജൻറ്സ് പ്രയോജനപ്പെടുത്തിയുള്ള ഇൗ ആപ്ലിക്കേഷൻ കൊറോണ വൈറസ് പടരുന്നത് തടയാനുള്ള കാര്യക്ഷമമായ മാർഗമാണെന്നും ഡോ. ഫരീദ പറഞ്ഞു. എല്ലാ പൊതുജനങ്ങളോടും അവരുടെ സ്മാർട്ട് ഫോണുകളിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. -"അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴിയുള്ള ട്രേസിങ് സിസ്റ്റത്തിെൻറ വിജയം അതിെൻറ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. യു.എ.ഇയിലെ 50 മുതൽ 70 ശതമാനം വരെ ആളുകൾ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ഫരീദ വ്യക്തമാക്കി.