പെരുന്നാൾ സന്തോഷങ്ങൾ കൈമാറി യു.എ.ഇ നായകർ
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്ര നേതാക്കളും എമിറേറ്റുകളിലെ ഭരണാധികാരികളും ബലിപെരുന്നാൾ നമസ്കാരം നിർവഹിച്ചു. യു.എ.ഇയിലെ ജനങ്ങൾക്കും വിവിധ രാജ്യക്കാർക്കും രാഷ്ട്ര നേതാക്കൾ പെരുന്നാളാശംസ കൈമാറി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കീരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം എന്നിവർ സബീലിലെ ശൈഖ് റാശിദ് ബിൻ സഇൗദ് പള്ളിയിൽ നമസ്കാരം നിർവഹിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അൽ ബതീനിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മോസ്കിലാണ് ഈദ് നമസ്കാരത്തിനെത്തിയത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ്, വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ഇതേ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി, ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി എന്നിവർ ഷാർജയിലെ അൽ ബാദീ മുസല്ലയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി അജ്മാനിലെ ശൈഖ് റാശിദ് ബിൻ ഹുമൈദ് ആൽ നുഐമി പള്ളിയിലാണ് ഈദ് നമസ്കാരം നിർവഹിച്ചത്. കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുഐമിയും പങ്കെടുത്തു.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ല, കിരീടാവകാശി ശൈഖ് റാശിദ് ബിൻ സഉൗദ് എന്നിവർ ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് പള്ളിയിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമി ഖുസാമിലെ ഇൗദ് മുസല്ലയിൽ നമസ്കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഉൗദ് ബിൻ സഖർ ആൽ ഖാസിമിയും പങ്കെടുത്തു.
സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഫുജൈറയിലെ ശൈഖ് സായിദ് പള്ളിയിൽ നമസ്കരിച്ചു. കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖിയും ഇതേ പള്ളിയിൽ ഈദ് നമസ്കാരം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
