ഈദ് അവധി: റാക് പൊലീസിനെത്തിയത് 12,402 വിളികള്‍
text_fieldsറാസല്‍ഖൈമ: ഈദ് അവധിദിനങ്ങളില്‍ വിവിധ ആവശ്യങ്ങളും അന്വേഷണങ്ങളുമായി റാക് പൊലീസ് ഓപറേഷന് റൂമില്‍ 12,402 വിളികള്‍ എത്തിയതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി. സുഗമമായ ഗതാഗതം ഒരുക്കുന്നതിന് മികച്ച സഹകരണമാണ് പൊതുജനങ്ങളിൽനിന്നുണ്ടായത്.
ഗതാഗതനിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാന്‍ സമൂഹം ജാഗ്രതപുലര്‍ത്തി. ഏപ്രില്‍ 30 മുതല്‍ മേയ് എട്ടുവരെ ദിവസങ്ങളിലാണ് പന്ത്രാണ്ടായിരത്തിലേറെ കോളുകളെത്തിയത്. അപകടത്തെക്കുറിച്ച അറിയിപ്പുകള്, ഗതാഗതതിരക്ക്, വിവിധ അന്വേഷണങ്ങളുമായിരുന്നു കോളുകളുടെ ഉള്ളടക്കം.
ആവശ്യങ്ങളുടെ മുന്‍ഗണന അനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് സേവനങ്ങള്‍ വേഗത്തിലെത്തിച്ചതായും അലി അബ്ദുല്ല പറഞ്ഞു. അടിയന്തര ആവശ്യങ്ങള്‍ക്കായി 999 നമ്പറിലും പൊതു അന്വേഷണങ്ങള്‍ 901 നമ്പറിലുമാണ് വിളിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

