സംഭവമാക്കണം, ലോക്ഡൗണിലെ പെരുന്നാൾ
text_fields ദുബൈ: ഇൗ തലമുറക്ക് ഇതാദ്യമായിട്ടാവും ഇങ്ങനെ ഒരു പെരുന്നാൾ അനുഭവം. യുദ്ധവും ദുരിതവും പ്രളയവുമെല്ലാം വന്നിട്ടും ഇൗദ്ഗാഹുകൾക്ക് മുടക്കം വന്നിട്ടില്ല. എന്നാൽ, ഇന്നത്തെ അത്യപൂർവ സന്ദർഭത്തിൽ ഇൗദ് ഗാഹുകൾ ഇല്ലാതായി.ആഘോഷത്തിെൻറ ആത്മാവായ ആലിംഗനങ്ങളും ബന്ധുസന്ദർശനങ്ങളും ഒഴിവാക്കേണ്ടി വരും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉണർത്തിയതുപോലെ അത് കുറച്ചു മാസങ്ങളായി നാം നടത്തിവരുന്ന കഠിന പ്രയത്നങ്ങൾ വിഫലമാകാതിരിക്കുവാനാണ്. അടുത്ത പെരുന്നാൾ നമുക്ക് കൂടുതൽ ആരോഗ്യത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കുവാനുള്ള മുന്നൊരുക്കത്തിെൻറ ഭാഗമായാണ് ഇന്ന് നമ്മൾ വീട്ടിൽ തങ്ങുന്നത്.
വ്യത്യസ്തമായ ഇൗ പെരുന്നാൾ എങ്ങനെയെല്ലാം പൊലിമയുള്ളതാക്കാം എന്നാലോചിച്ചു നോക്കൂ
ചില നിർദേശങ്ങൾ:മുടക്കം വേണ്ട, മുഴങ്ങെട്ട തക്ബീർ ധ്വനികൾ
കുഞ്ഞുങ്ങളായാലും മുതിർന്നവരായാലും ഒാരോ പെരുന്നാൾ പ്രഭാതവും ആരംഭിക്കുന്നത് പള്ളിയിലും ഇൗദ്ഗാഹിലുമിരുന്ന് തക്ബീർ ചൊല്ലിക്കൊണ്ടാണ്. പള്ളികളിൽ നമസ്കാരം ഇല്ലെങ്കിലും പുലർച്ച ഇന്നും തക്ബീർ മുഴങ്ങും. വീടുകളിലും മുറികളിലുമിരുന്ന് തക്ബീർ െചാല്ലുക. നമസ്കാരവും നിർവഹിക്കുക. കുട്ടികൾക്ക് പതിവായി നൽകിവരുന്ന ഇൗദിയയുടെ ഒരു പെങ്കങ്കിലും ഇക്കുറിയും നൽകുക. നല്ല വാക്കുകൾ ഒരുപാട് പറയുക, ഇപ്പോഴത്തെ സാഹചര്യം അവർക്ക് മനസ്സിൽ വേദനയുണ്ടാക്കാത്ത രീതിയിൽ പറഞ്ഞ് മനസ്സിലാക്കുക.
ചേർത്തുപിടിക്കണം, അകലെയാണെങ്കിലും
ഹസ്തദാനവും ആലിംഗനങ്ങളും ഒഴിവാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നാം മാനിച്ചേ മതിയാവൂ. എന്നാൽ, ശരീരംകൊണ്ട് മാത്രമല്ലല്ലോ മനസ്സുകൊണ്ടും ചേർത്തുപിടിക്കാമല്ലോ. മനസ്സുകൊണ്ട് ചേർത്തുപിടിക്കേണ്ട അത്യാവശ്യ സന്ദർഭമാണിതെന്നും മറന്നുകൂടാ. സാധാരണ പെരുന്നാളുകളിൽ നമ്മൾ സന്ദർശിക്കുകയും ആശംസ കൈമാറുകയും ചെയ്തിരുന്നവരെയെല്ലാം ഫോണിലൂടെയെങ്കിലും ആശംസിക്കുക. അടുത്ത പെരുന്നാളിന് നേരിൽ കണ്ടുമുട്ടി ആശംസിക്കാനാവെട്ട എന്ന് പരസ്പരം പ്രാർഥിക്കുക. പല കാരണങ്ങളാൽ സാധാരണ പെരുന്നാളിന് സന്ദർശിക്കുകയോ ആശംസിക്കുകയോ ചെയ്യാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടാവും. അവരെയും ഇക്കുറി ഒന്ന് വിളിച്ച് ആശംസിക്കൂ. ഇത്ര ദിവസം പിടിച്ച നോമ്പും നമ്മളീ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുമെല്ലാം നമ്മളിൽ മാറ്റങ്ങൾ സൃഷ്ടിക്കെട്ട.
അവരെ വിളിച്ച് സമാധാനം പകരുക
കോവിഡ് പോസിറ്റിവായി ആശുപത്രിയിലും െഎസൊലേഷനിലും ക്വാറൻറീനിലുമായി കഴിയുന്ന നിരവധി പേരുണ്ട്. ചിലർ നമ്മുടെ ബന്ധുക്കൾ, മറ്റു ചിലർ സുഹൃത്തുക്കൾ. ചിലത് സുഹൃത്തുക്കളുടെ ബന്ധുക്കൾ. മരുന്നും വാക്സിനും കണ്ടുപിടിച്ചിട്ടില്ലാത്ത ഇൗ അസുഖത്തിൽനിന്നുള്ള മുക്തിയിൽ മാനസിക പിൻബലത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. ചികിത്സയിലുള്ള ആ മനുഷ്യരെ വിളിച്ച് സമാധാനപൂർവം സംസാരിക്കുക, സുഖാശംസ നേരുക. അവർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ എന്ന് തിരക്കുക. അതിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുക.
അന്വേഷിക്കണം, അവർക്ക് ഇന്ന് ഭക്ഷണമുണ്ടോ എന്ന്
ലോക്ഡൗൺമൂലം ജീവിതം ലോക്കായിപ്പോയ കുറേ മനുഷ്യരുണ്ട്. നമ്മുടെ ജീവിതവുമായി ഏറ്റവും അടുത്തുനിന്നിരുന്നവർ -സ്കൂൾ അടച്ചിടുന്ന അന്ന് വൈകീട്ടു വരെ നമ്മുടെ മക്കളുടെ യാത്രയും സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയ ഡ്രൈവർ അങ്കിൾ, സഹായിയായി സഞ്ചരിക്കുന്ന ആൻറി ആയമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവർക്ക് ഇപ്പോൾ ശമ്പളവും ഭക്ഷണവും മറ്റും പ്രയാസത്തിലായിരിക്കും.
നിർബന്ധമായും അവരെ ഇന്ന് വിളിക്കണം, മക്കളും മാതാപിതാക്കളും. അവരുടെ വിവരങ്ങൾ തിരക്കണം. അവർക്ക് ഭക്ഷണമില്ലെങ്കിൽ ഭക്ഷണത്തിനുള്ള സൗകര്യമൊരുക്കുകയോ സന്നദ്ധ-ജീവകാരുണ്യ കൂട്ടായ്മകൾക്ക് അവരുടെ വിവരങ്ങൾ കൈമാറുകയോ വേണം. പെരുന്നാളിെൻറ ചെറിയ ഒരു സന്തോഷസമ്മാനംകൂടി എത്തിക്കാൻ കഴിഞ്ഞാൽ ഏറെ മനോഹരമാകും. നമുക്ക് കരുതലും സ്നേഹവും പകരുന്നവർക്ക് ആ കരുതൽ തിരികെ നൽകാൻ കഴിയുേമ്പാൾ മാത്രമാണ് പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിദ്യാഭ്യാസം സാധ്യമാവുക.വീടുകളിൽ സഹായത്തിനു വന്നിരുന്ന, നമുക്ക് ഭക്ഷണം വെച്ചുവിളമ്പിയിരുന്ന ജോലിക്കാരുടെയും അവസ്ഥ സമാനമാണ്. നമ്മുടെ ഇൗ സന്തോഷ ദിവസത്തിൽ അവരെ മറന്നുപോകാതിരിക്കുക.
സമയം ചെലവിടണം, മുതിർന്നവർക്കു വേണ്ടി
ഒാൺലൈനിലും വാട്സ്ആപ്പിലുമെല്ലാം സന്ദേശങ്ങളയച്ചും ലുഡോ കളിച്ചുമെല്ലാം പുതിയ തലമുറക്കാർ ലോക്ഡൗൺ കാലത്തും പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട്. എന്നാൽ, ഇതൊന്നുമില്ലാത്ത മുതിർന്ന കുടുംബാംഗങ്ങളോ, അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ ഒന്ന് സംസാരിക്കാനും വിശേഷം പറയാനുമെല്ലാം. പ്രത്യേകിച്ച് സ്കൂൾ അവധിക്ക് പേരമക്കൾ വരുന്നത് കാത്തുകാത്തിരുന്നവർ. ഇൗദ് ദിവസം അവരുമായി സംസാരിച്ചിട്ടു മതി ബാക്കി കാര്യങ്ങൾ എന്ന് ഉറപ്പിക്കുക.
നന്ദി പറയുക, നമ്മുടെ ഹീറോസിന്
നമ്മൾ വീടുകളിലിരുന്ന് പെരുന്നാൾ ഉണ്ണുേമ്പാഴും മറ്റുള്ളവരുടെ സുരക്ഷയും ഭക്ഷണവും ഉറപ്പുവരുത്താൻ ഒാടിനടക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഒരു പരിചയവുമില്ലാത്ത, മുമ്പ് കണ്ടിട്ടില്ലാത്ത, ഇനി കാണാൻ ഇടയില്ലാത്ത ഇൗ മനുഷ്യരാണ് വേദനയുടെ സമയത്ത് ആശ്വാസത്തിെൻറ കരങ്ങൾ നീട്ടി ചേർത്തുപിടിക്കുന്നത്. ഉൽക്കടമായ മനുഷ്യസ്നേഹംകൊണ്ട്, ദൈവപ്രീതി മാത്രം കാംക്ഷിച്ച് പ്രവർത്തിക്കുന്ന ആ മനുഷ്യരോട് നന്ദി പറയാതെ ഇന്നത്തെ പെരുന്നാൾ ദിവസം പൂർണമാവില്ല. നഴ്സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ശുചീകരണ ജീവനക്കാർ എന്നിവർക്കെല്ലാം ആശംസകൾ അറിയിക്കുക. പൊലീസ്, എമിഗ്രേഷൻ, നഗരസഭ ജീവനക്കാരുടെ നമ്പറുകൾ കൈവശമുള്ളവർ അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് സേന്ദശമയക്കുക. കെ.എം.സി.സി, ഇൻകാസ്, പ്രവാസി ഇന്ത്യ, യൂത്ത് ഇന്ത്യ, വിഖായ, െഎ.സി.എഫ്, െഎ.എം.സി.സി, ഇന്ത്യൻ അസോസിയേഷനുകൾ, ശക്തി, മാസ്, കെ.എസ്.സി, യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ വളൻറിയർമാർക്കും ഇൗദ് ആശംസകൾ നേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
