പെരുന്നാള്‍ സന്തോഷത്തിലേക്ക്
text_fieldsദുബൈ: 30 ദിനരാത്രങ്ങളില്‍ സ്ഫുടം ചെയ്തെടുത്ത അത്മവിശുദ്ധിയുമായി വിശ്വാസികള്‍ പെരുന്നാൾ ആഘോഷത്തിലേക്ക്. പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വതന്ത്രവും ഇളവുകളുമുള്ള ഈദ് ആഘോഷത്തെ വരവേൽക്കാൻ വിശ്വാസി സമൂഹം തയാറായിക്കഴിഞ്ഞു.
സാമൂഹിക അകലം പാലിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം നടക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണ് അധികൃതർ. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്ഗാഹുകളും ഇക്കുറിയുണ്ടാവും.
നാളെ സുബ്ഹി മുതൽ പള്ളികൾ തുറന്നിടും. പെരുന്നാൾ നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് തക്ബീർ മുഴങ്ങിത്തുടങ്ങും. നമസ്കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് കുറഞ്ഞെങ്കിലും മഹാമാരിക്കെതിരായ പ്രാര്‍ഥന കൈവിടാതെയാണ് ഇക്കുറിയും പെരുന്നാള്‍ സന്തോഷത്തിലേക്ക് പ്രവാസ ലോകവും പ്രവേശിക്കുന്നത്. യു.എ.ഇയില്‍ പെരുന്നാള്‍ സന്തോഷങ്ങള്‍ക്കായി പ്രത്യേകം കാത്തിരിക്കുന്ന വിഭാഗമാണ് ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍. വര്‍ഷത്തില്‍ രണ്ട് പെരുന്നാളിനാണ് ഇവരില്‍ പലര്‍ക്കും അവധി കിട്ടാറുള്ളത്.
ഇതില്‍തന്നെ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരില്‍ കാണാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് പെരുന്നാള്‍. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഈദ്ഗാഹുകള്‍ക്ക് പുറത്ത് പറഞ്ഞുതീരാത്ത കഥകളുമായി ഇവര്‍ നില്‍ക്കുന്നത് കാണാം. എന്നാല്‍, കൂട്ടം കൂടുന്നതിനും ആശ്ലേഷിക്കുന്നതിനും വിലക്കുള്ളതിനാല്‍ ശ്രദ്ധ അനിവാര്യമാണ്.
പള്ളിയിൽ പോകുമ്പോൾ ശ്രദ്ധിക്കാൻ
മാസ്കും സാമൂഹിക അകലവും നിർബന്ധം സ്വന്തം മുസല്ലകളോ ഡിസ്പോസിബ്ൾ മുസല്ലകളോ ഉപയോഗിക്കണം ആശ്ലേഷണവും ഹസ്തദാനവും ഒഴിവാക്കണം നമസ്കരിക്കുമ്പോഴും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം പള്ളികളുടെ പുറത്തും സമീപ പാർക്കുകളിലും പാർക്കിങ് ഏരിയകളിലും കൂട്ടം കൂടരുത്. ദാനധർമങ്ങളും സമ്മാനങ്ങളും പരമാവധി ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയാക്കുക
സൗജന്യ പാർക്കിങ്
ദുബൈയിൽ ഏപ്രിൽ 30 മുതൽ മേയ് ആറുവരെ സൗജന്യ പാർക്കിങ്. ബഹുനില പാർക്കിങ്ങുകളിൽ സൗജന്യം ലഭ്യമായിരിക്കില്ല.
ഷാർജയിൽ പെരുന്നാൾ ദിനം മുതൽ മേയ് അഞ്ചുവരെ സൗജന്യ പാർക്കിങ്. എന്നാൽ, നീലനിറത്തിൽ മുന്നറിയിപ്പ് ബോർഡുകളുള്ള പെയ്ഡ് പാർക്കിങ് മേഖലകളിൽ സൗജന്യമുണ്ടായിരിക്കില്ല.
അബൂദബിയിൽ ഏപ്രിൽ 29 മുതൽ മേയ് ഏഴിന് രാവിലെ 7.59 വരെ പാർക്കിങും ദർബ് ടോളും സൗജന്യമായിരിക്കും.
അജ്മാനിൽ ഏപ്രിൽ 30 മുതൽ മേയ് ആറുവരെ പബ്ലിക് പാർക്കിങ് സൗജന്യം.
ദുബൈ മെട്രോ സമയം:
രാവിലെ അഞ്ച് മുതൽ രാത്രി ഒന്നുവരെ