ബലിപെരുന്നാൾ: ദുബൈയിൽ അറവുശാലകൾ പൂർണ സജ്ജം
text_fieldsദുബൈ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഉരുക്കളെ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എമിറേറ്റിലെ അറവുശാലകൾ പൂർണ സജ്ജമായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ബലി മൃഗങ്ങൾക്കായുള്ള അപേക്ഷ സ്വീകരിക്കുന്നതിനും കാര്യക്ഷതയോടും ഉയർന്ന നിലവാരത്തോടും കൂടിയ സംസ്കരണ സേവനങ്ങൾ നൽകുന്നതിനുമായി അഞ്ച് അറവുശാലകളാണ് അനുവദിച്ചിരിക്കുന്നത്. അൽ ഖിസൈസ്, അൽ ഖിസൈസ് എക്സ്പ്രസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത അറവുശാലകളിലായിരിക്കും ബലി മൃഗങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാവുക.
അഞ്ച് അറവുശാലകളിലായി മണിക്കൂറിൽ 1000 ബലി മൃഗങ്ങളെ വരെ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. ബലി പെരുന്നാൾ കാലയളവിലുടനീളം സുരക്ഷിതവും കാര്യക്ഷമയും ഉയർന്ന നിലവാവാരത്തിലുമുള്ള സേവനങ്ങൾ നൽകുന്നതിനായി രൂപം നൽകിയ പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഉപഭോക്താക്കളിൽ നിന്നുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും അറവുശാലകളിൽ പൂർത്തിയായിക്കഴിഞ്ഞു. പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് മികച്ച സേവനങ്ങൾ ഉറപ്പുനൽകുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ നൂതനമായ പ്രവർത്തന അന്തരീക്ഷമാണ് എല്ലാ അറവുശാലകളിലും സജ്ജമാക്കിയിട്ടുള്ളത്. 45 വെറ്ററിനറി, മെഡിക്കൽ വിദഗ്ധർ, 30 സൂപ്പർവൈസർമാർ, 205ലധികം വരുന്ന അറവുകാർ, 165 ജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകും.
മാംസത്തിന്‍റെ ഗുണമേൻമ നിലനിർത്താനും മലിനീകരണം തടയാനുമായി അറവുശാലകളിൽ നൂതനമായ അണുവിമുക്ത സംവിധാനങ്ങളും ആധുനിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അറവുശാലകളിൽ നേരിട്ടുള്ള സന്ദർശനമില്ലാതെ തന്നെ ബലി മൃഗങ്ങളെ വാങ്ങാനും അറുക്കാനും വീടുകളിൽ വിതരണം ചെയ്യാനുമായി സ്മാർട്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കാം. ഈ വർഷം 20,000 ബലിമൃഗങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബൈ മുനിസിലിറ്റി അധികൃതർ അറിയിച്ചു. ഇതിൽ 19500 ചെറിയ ഉരുക്കളും 500 വലിയ ഉരുക്കുകളുമാണ്. ആകെ ഉരുക്കളിൽ 12,500 എണ്ണം വ്യക്തികളിൽ നിന്നും 5,000 എണ്ണം സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും 2,500 എണ്ണം ജീവകാരുണ്യ സംഘടനകളിൽ നിന്നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃതമല്ലാത്ത സൗകര്യങ്ങൾക്ക് പുറത്ത് മൃഗങ്ങളെ അറുക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

