ബലി പെരുന്നാൾ: വിപുലമായ ആഘോഷ പരിപാടികളൊരുക്കി ഷാർജ
text_fieldsഷാർജ: ബലിപെരുന്നാൾ ആഘോഷമാക്കാൻ വിപുലമായ പരിപാടികളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള വിനോദകേന്ദ്രങ്ങളിൽ പെരുന്നാൾ അവധിക്ക് മേയ് 27 മുതൽ 31 വരെ പ്രത്യേക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, മലീഹ നാഷനൽ പാർക്ക്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലായി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. അൽ ഹീറ ബീച്ചിൽ ‘ബുക്ക് എൻഡ്‌സു’മായി സഹകരിച്ച് നടത്തുന്ന ‘ബുക്സ് ബൈ അൽ ഹീറ ബീച്ച്’ എന്ന ചെറിയ പുസ്തകമേള ഈദ് അവധി ദിനങ്ങളിൽ നടക്കും.
കടൽത്തീരത്തിന്റെ ശാന്തത ആസ്വദിച്ച് കൊണ്ട്, ചെറിയ വിലയിൽ (അഞ്ച് ദിർഹം മുതൽ) പുസ്തകം വാങ്ങാനും പരസ്പരം സൗജന്യമായി പുസ്തകങ്ങൾ കൈമാറാനും മേള അവസരമൊരുക്കും. ഈദ് ദിനങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ 10 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ഇതോടൊപ്പം ‘പ്രൗഡ് ഓഫ് യു.എ.ഇ’ എന്ന പ്രത്യേക പരിപാടിയുമുണ്ടാവും. പരമ്പരാഗത സംഗീത ബാൻഡിന്‍റെ പ്രകടനം, ഫെയിസ് പെയിന്‍റിങ്, വാൾ പെയിന്‍റിങ് എന്നിങ്ങനെയുള്ള കലാപരിപാടികളും അരങ്ങേറും. ഷാർജ അൽ ഖസ്ബയിൽ മസ്റ തീയറ്ററിലെ നാടകസീസൺ പെരുന്നാൾ അവധി ദിനങ്ങളിൽ ആരംഭിക്കും.
‘മാജിക് ഫിൽ - സ്റ്റയിങ് സില്ലി അറ്റ് സീ’ എന്ന നാടകം മേയ് 27 മുതൽ 30 വരെ അരങ്ങേറും. വാനനിരീക്ഷണവും മ്യൂസിയം പ്രവേശനവും കുട്ടികൾക്കായുള്ള പ്രത്യേക ശില്പശാലകളുമെല്ലാം സൗജന്യമായി അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജുകളാണ് മെലീഹ നാഷനൽ പാർക്കിലുള്ളത്. മെലീഹ മരുഭൂമിയുടെ സൗന്ദര്യവും അറേബ്യൻ ആതിഥേയത്വവും വാനനിരീക്ഷണവുമെല്ലാം ഒരുമിച്ച് ആസ്വദിക്കാനാവുന്നതാണ് ‘സമ്മർ ഫാമിലി ഫൺ’ എന്ന പാക്കേജ്. പ്രത്യേകം തയാറാക്കിയ സൺസെറ്റ് ലോഞ്ച് അനുഭവത്തോടൊപ്പം, 20 മിനുറ്റ് വാനനിരീക്ഷണവും മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. സാഹസികതയും പ്രകൃതിദൃശ്യങ്ങളുമെല്ലാം സമ്മേളിക്കുന്നതാണ് ‘റിഫ്രഷിങ് സൺസെറ്റ്’ എന്ന പാക്കേജ്.
മെലീഹയിലെ മരുഭൂമികളിലൂടെയുള്ള 4X4 കാറിലെ യാത്രയും, ഫോസിൽ - ക്യാമൽ റോക്കുകളിലെ സന്ദർശനവും തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മനോഹരമായ അസ്തമയക്കാഴ്ചയും സന്ദർശകർക്ക് ആസ്വദിക്കാനാവും. യാത്രയ്ക്കിടയിലുള്ള പാനീയങ്ങളോടൊപ്പം മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനവുമുണ്ട്. അതോടൊപ്പം തന്നെ, രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടിക്ക് ഈ പാക്കേജ് സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 068021111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിലിലോ ബന്ധപ്പെടാം. കുട്ടികളെ ഉദ്വേഗഭരിതരാക്കുന്ന വിധം കളിസ്ഥലങ്ങളൊരുക്കുന്നതാണ് ഷാർജയിലെ പ്രധാന രണ്ട് ബീച്ചുകളിലെ പെരുന്നാൾ ആഘോഷത്തിന്‍റെ മറ്റൊരു സവിശേഷത. സാഹസികതയും വിനോദവും സമ്മേളിക്കുന്ന ഇവിടത്തെ കളിയിടങ്ങൾ ‘ലാൻഡ് ഓഫ് പൈററ്റ്സ്’ (കടൽക്കൊള്ളകാരുടെ നാട്) എന്ന പ്രത്യേക തീമിലായിരിക്കും ഈ ദിനങ്ങളിൽ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

