ബലിപെരുന്നാൾ ഒരുക്കം; പരിശോധനകൾ സജീവം
text_fields1.ബലി പെരുന്നാളിന് മുന്നോടിയായി സുരക്ഷ പരിശോധന നടത്തുന്ന ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാരൻ, 2. ദുബൈ മെട്രോ
ദുബൈ: ബലി പെരുന്നാൾ അവധി ദിനങ്ങൾക്ക് മുന്നോടിയായി പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ സജീവമാക്കി ദുബൈ മുനിസിപ്പാലിറ്റി. ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി, പൊതു സുരക്ഷ എന്നിവയുൾപ്പെടെ പ്രധാന രംഗങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എമിറേറ്റിൽ ഏകദേശം 150 പ്രത്യേക ഇൻസ്പെക്ടർമാരെയും ഫീൽഡ് മോണിറ്റർമാരെയും വിന്യസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആഘോഷങ്ങളുടെ മുന്നോടിയായി ഭക്ഷ്യസുരക്ഷ വകുപ്പിലെ ഫീൽഡ് ടീമംഗങ്ങൾ മാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഇറച്ചിക്കടകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്തിവരുകയാണ്. ഈദ് ആഘോഷ വേളയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് പരിശോധനകൾ ലക്ഷ്യമിടുന്നത്.
മുനിസിപ്പാലിറ്റിയുടെ പരിശോധന ഹോട്ടലുകൾ, സലൂണുകൾ, ബ്യൂട്ടി സെന്ററുകൾ, ഷീഷ കഫെകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാശാലകൾ, ലേബർ അക്കോമഡേഷനുകൾ, കമ്യൂണിറ്റി ലേബർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും നടക്കും. സ്ഥാപനങ്ങളുടെ പരിശോധനകൾക്ക് പുറമെ, പ്രാദേശിക വിപണികളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും വിൽക്കുന്ന ഉൽപന്നങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
പെരുന്നാൾ സമയത്ത് ആവശ്യം വളരെ കൂടുതലായതിനാലാണ് ഉൽപന്നങ്ങൾ ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്. എമിറേറ്റിലെ അറവുശാലകൾ ഉയർന്ന പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിരുന്നു. കരീം, നൂൺ തുടങ്ങിയ റീടെയ്ൽ ഷോപ്പിങ് ആപ്പുകളിൽ ബലിയറുക്കാനുള്ള മൃഗങ്ങളെ ഓർഡർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
പെരുന്നാൾ അവധി ദിനങ്ങളിൽ പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കാൻ ദുബൈ മുനിസിപ്പാലിറ്റി സന്നദ്ധമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ, പാരിസ്ഥിതിക സാഹചര്യങ്ങൾ, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ‘ദുബൈ24/7’ സ്മാർട്ട് ആപ് വഴിയോ മുനിസിപ്പാലിറ്റിയുടെ ഹോട്ട്ലൈനിൽ 800 900 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാം.
ബലിപെരുന്നാൾ അവധിയിൽ ദുബൈയിൽ പാർക്കിങ് സൗജന്യം
ദുബൈ: ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിൽ പൊതു പാർക്കിങ് സൗജന്യം. ജൂൺ അഞ്ച് വ്യാഴം മുതൽ എട്ട് ഞായറാഴ്ച വരെയാണ് സൗജന്യം ലഭിക്കുകയെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. അതേസമയം മൾടിലെവൽ പാർക്കിങ് ടെർമിനലുകളിൽ ഈ സൗജന്യം ബാധകമല്ല.
ദുബൈ മെട്രോയും ട്രാമും അടക്കമുള്ള സംവിധാനങ്ങൾ അവധി ദിനങ്ങളിൽ കൂടുതൽ സമയം സർവിസ് നടത്തുമെന്നും ആർ.ടി.എ അറിയിച്ചു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെ സർവിസ് നടത്തും.
ദുബൈ ട്രാം ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നു വരെയും സർവിസ് നടത്തും. ദുബൈ ബസ് സർവിസുകളിലും ചില മാറ്റങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സഹൈൽ ആപ് വഴി പൂർണമായ ഷെഡ്യൂൾ അറിയാവുന്നതാണ്.അവധി ദിനങ്ങളിൽ ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തിക്കില്ല. അതേസമയം ഉമ്മു റമൂൽ, ദേര, അൽ ബർഷ, ആർ.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. സാങ്കേതിക പരിശോധനക്കുള്ള സർവിസ് പ്രൊവൈഡർ കേന്ദ്രങ്ങൾ 2025 ജൂൺ അഞ്ച് മുതൽ ഏഴ് വരെ പ്രവർത്തിക്കില്ല.
2025 ജൂൺ എട്ട് ഞായറാഴ്ച മുതൽ സാങ്കേതിക പരിശോധനാ സേവനങ്ങൾ തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവീർ, അൽ യലായിസ്, ശാമിൽ മുഹൈസ്ന എന്നിവിടങ്ങളിൽ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മറ്റിടങ്ങളിൽ എല്ലാ സേവനങ്ങളും സാധാരണ പ്രവൃത്തിദിനം പുനരാരംഭിക്കുന്ന തിങ്കളാഴ്ചയാണ് ലഭ്യമാവുക.
ഷാർജ മലയാളം ഈദ് ഗാഹ് സ്വാഗതസംഘം രൂപവത്കരിച്ചു
ഷാർജ: ഷാർജ മതകാര്യവകുപ്പിന്റെ അനുമതിയോടെ പണ്ഡിതനും പ്രഭാഷകനും ഷാർജ മസ്ജിദുൽ അസീസിലെ ഖതീബുമായ ഹുസൈൻ സലഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ് ഗാഹിന്റെ സുഗമമായ നടത്തിപ്പിന് അബ്ദുൽസലാം ആലപ്പുഴ ചെയർമാനും, റഫീഖ് ഹംസ ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. കോഓഡിനേറ്റർമാരായി മുഹമ്മദ് മുണ്ടേരി, മുസ്തഫ കെ.എച്ച്, അൻവർ ഖിസൈസ്, അനീസ് തിരൂർ, സലാഹുദ്ദീൻ അത്തോളി, വളന്റിയർ വിഭാഗം റഷീദ് എമിറേറ്റ്സ്, മീഡിയ വിങ് ഷമീം ഇസ്മായിൽ, ഐ.ടി വിഭാഗം ഹബീബ് കാരാടൻ എന്നിവരെ വകുപ്പ് കൺവീനർമാരായും തെരഞ്ഞെടുത്തു.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഷാർജ സ്പോർട്സ് ക്ലബ് ഫുട്ബാൾ മൈതാനിയിലാണ് ഈദ് ഗാഹ് ഒരുക്കുന്നത്. പെരുന്നാൾ ദിവസം രാവിലെ 5.45 ന് നമസ്ക്കാരം നിർവഹിക്കും. എല്ലാവരും അംഗശുദ്ധി വരുത്തി മുസല്ലയുമായി നേരത്തെ ഈദ്ഗാഹിലെത്തണമെന്നും സ്ത്രീകൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0504546998/0504974230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

