പെരുന്നാൾ ആഘോഷ നിറവിൽ
text_fieldsബലിപെരുന്നാൾ ദിനത്തിന് മുന്നോടിയായി ഒരുക്കം പൂർത്തിയാക്കിയ അടിയന്തരസേവനപ്രവർത്തകർ
അബൂദബി: സ്വദേശികളും പ്രവാസികളുമടങ്ങുന്ന രാജ്യമൊന്നടങ്കം ബലിപെരുന്നാൾ ആഘോഷ നിറവിൽ. വെള്ളിയാഴ്ച അതിരവിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് പെരുന്നാൾ ദിനത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് സുഹൃദ്, കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും നടക്കും. സുരക്ഷിതമായ അന്തരീക്ഷത്തിൽ പെരുന്നാൾ ആഘോഷം പൂർത്തിയാക്കാൻ എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. പള്ളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ സജ്ജീകരണങ്ങൾ നേരത്തേ തന്നെ പൂർത്തിയായിരുന്നു. ബലിയറുക്കാനുള്ള സംവിധാനങ്ങളും മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ദുബൈയിൽ ആറിടങ്ങളിൽ പീരങ്കി മുഴക്കുന്നുണ്ട്. ചൂട് കഠിനമായതിനാൽ വൈകുന്നേരത്തോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും കൂടുതൽ പേർ എത്തിച്ചേരുക. വിവിധ എമിറേറ്റുകളിൽ കരിമരുന്ന് പ്രയോഗം അടക്കമുള്ള ആഘോഷ പരിപാടികൾ അരങ്ങേറുന്നുണ്ട്.
ബലിപെരുന്നാളിനോടനുബന്ധിച്ച് അബൂദബിയിലുടനീളം കരിമരുന്ന് പ്രകടനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അബൂദബി സിറ്റി, അല്‍ഐന്‍ റീജ്യന്, അല്‍ ദഫ്റ റീജ്യന് എന്നിവിടങ്ങളിലാണ് ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടുകള്‍ സംഘടിപ്പിക്കുന്നത്. അബൂദബി സിറ്റിയില്‍ അബൂദബി കോര്‍ണിഷ്, യാസ് ഐലന്‍ഡ്, യാസ് ബേ വാട്ടര്‍ഫ്രണ്ട് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രകടനങ്ങളുണ്ടാവുക. അല്‍ ഐന്‍ റീജ്യനില്‍ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം, അല്‍ഐന്‍ മുനിസിപ്പാലിറ്റി കെട്ടിടം എന്നിവിടങ്ങളിലും അല്‍ ദഫ്ഹ റീജ്യനില്‍ മദീനത്ത് സായിദ് പബ്ലിക് പാര്‍ക്, അല്‍ മിര്‍ഫ-അല്‍ മുഖീര ബേ, താം കെട്ടിടത്തിനു പിന്നിലുള്ള ഗയാതി എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രകടനങ്ങള്‍ നടക്കുക. അബൂദബി കോര്‍ണിഷില്‍ ബലിപെരുന്നാളിന്റെ ആദ്യദിവസം രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രകടനം.
യാസ് ഐലന്‍ഡില്‍ ഒന്നാം ദിവസം മുതല്‍ മൂന്നാം ദിവസം വരെ രാത്രി ഒമ്പതിന് കരിമരുന്ന് പ്രകടനമുണ്ടാവും. അല്‍ ഐന്‍ റീജ്യനിലെ കരിമരുന്ന് പ്രകടനങ്ങള്‍ പെരുന്നാളിന്റെ ആദ്യദിവസം മുതല്‍ മൂന്നാം ദിനം വരെയുള്ള ദിവസങ്ങളില്‍ രാത്രി 9ന് നടക്കും. അൽദഫ്റയില്‍ പെരുന്നാള്‍ ദിനം രാത്രി ഒമ്പതിനാണ് കരിമരുന്ന് പ്രകടനം അരങ്ങേറുക. ഷാർജയിൽ അൽജാദയിലാണ് കരിമരുന്ന് പ്രയോഗം ആസ്വദിക്കാനാവുക.രാജ്യത്തെ പ്രധാന വിനോദസഞ്ചാര പ്രദേശങ്ങളെല്ലാം സഞ്ചാരികളെ സ്വീകരിക്കാനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ദുബൈയിൽ നാല് ബീച്ചുകൾ ഈദ് അവധി ദിനങ്ങളിൽ കുടുംബങ്ങൾക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിതവും സന്തോഷകരവുമായ ബലിപെരുന്നാൾ ആഘോഷം ഉറപ്പാക്കാനുള്ള തയാറെടുപ്പ് പൂർത്തിയായതായി ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 139 ആംബുലൻസ് പോയന്റുകൾ, അഞ്ച് റെസ്ക്യൂ ബോട്ടുകൾ, 52 സൈക്കിൾ പട്രോളിങ്, 515 സെക്യൂരിറ്റി പട്രോളിങ്, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ, 21 ലാൻഡ് റെസ്ക്യൂ പട്രോളിങ്, അഞ്ച് സി.ബി.ആർ.എൻ റെസ്പോണ്ടറുകൾ, നാല് ഓപറേഷൻ റൂമുകൾ, രണ്ട് ആംബുലേറ്ററി ബോട്ടുകൾ എന്നിവയാണ് ദുബൈയിൽ വിന്യസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

