ആഘോഷപ്പൊലിമയിൽ ബലിപെരുന്നാൾ
text_fields1) യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ മറ്റു പ്രമുഖർക്കൊപ്പം ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു. 2) സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മറ്റു പ്രമുഖർകൊപ്പം ഷാർജ മോസ്കിൽ ബലിപെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.3) ബലിപെരുന്നാളിനോട് അനുബന്ധിച്ച് അബൂദബിയിലെ അൽ മുഷ്രിഫ് കൊട്ടാരത്തിൽ നടന്നചടങ്ങിൽ യു.എ.ഇ സുപ്രീംകൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായ നേതാക്കൾ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം.4) സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല എമിറേറ്റിലെ അൽ റാസ് മേഖലയിലെ അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.
ദുബൈ: ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങളും പ്രാർഥനകളും നിറഞ്ഞുനിന്ന പ്രഭാതത്തിൽ രാജ്യം ഈദു അദ്ഹയെ വരവേറ്റു. രാജ്യമെങ്ങും ഒരുക്കിയ ഈദ് ഗാഹുകളിലും പള്ളികളിലും ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്ന നമസ്കാരത്തോടെയാണ് വെള്ളിയാഴ്ച ബലിപെരുന്നാൾ ദിനത്തിന് തുടക്കമായത്. പ്രവാചകന്മാരായ ഇബ്രാഹീമിന്റെയും ഇസ്മയിലിന്റെയും ഹാജറ ബീവിയുടെയും ത്യാഗ സ്മരണകൾ ഓർമപ്പെടുത്തിയ ഇമാമുമാർ മാനവികതക്കും സാഹോദര്യത്തിനുംവേണ്ടി നിലയുറപ്പിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പരസ്പരം ആശംസകൾ കൈമാറിയും കുടുംബ, സൗഹൃദ ബന്ധങ്ങൾ പുതുക്കിയുമാണ് ഈദ് ഗാഹുകളിൽനിന്നും പള്ളികളിൽനിന്നും വിശ്വാസികൾ പിരിഞ്ഞത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ബലികർമങ്ങളിൽ നിരവധിപേർ പങ്കാളികളായി. കനത്ത ചൂട് മാറിനിന്ന പകലിൽ സ്വദേശികളും പ്രവാസികളും ആഘോഷത്തിന്റെ ഭാഗമായി സന്ദർശനങ്ങളും ആശംസ കൈമാറലും പൂർത്തിയാക്കി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് ഈദ് നമസ്കാരത്തിൽ പങ്കാളിയായത്. തുടർന്ന് അബൂദബിയിലെ അൽ മുഷ്രിഫ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം യു.എ.ഇ സുപ്രീംകൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായ മുഴുവൻ നേതാക്കളെയും അദ്ദേഹം സ്വീകരിച്ചു. എല്ലാവർക്കും ഈദ് ആശംസ നേർന്ന പ്രസിഡന്റ്, ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർഥിച്ചു.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ മോസ്കിലാണ് ബലി പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. പിന്നീട് അൽ ബദീഅ് കൊട്ടാരത്തിൽ ആശംസകളർപ്പിക്കാനെത്തിയവരെ സ്വീകരിച്ചു. സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ റാശിദ് ബിൻ ഹുമൈദ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. നമസ്കാരത്തിനു ശേഷം അദ്ദേഹം വിശ്വാസികൾക്ക് ആശംസകൾ കൈമാറുകയും ചെയ്തു.
1)സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറയിലെ ശൈഖ് സായിദ് മോസ്കിൽ ബലിപെരുന്നാൾ ദിനത്തിൽ പ്രാർഥിക്കുന്നു.2) സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ റാശിദ് ബിൻ ഹുമൈദ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നു.3) റാസൽഖൈമ ഖുസാം ഈദ് ഗ്രാന്‍ഡ് മുസല്ലയില്‍ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി പ്രാർഥനയിൽ പങ്കെടുക്കുന്നു. 4) ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ സഅബീൽ മോസ്കിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയപ്പോൾ
സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറയിലെ ശൈഖ് സായിദ് മോസ്കിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. തുടർന്ന് അദ്ദേഹം സന്ദർശകർക്കും പ്രമുഖർക്കും ആശംസകൾ കൈമാറി. സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ല എമിറേറ്റിലെ അൽ റാസ് മേഖലയിലെ അഹമ്മദ് ബിൻ റാശിദ് അൽ മുഅല്ല മോസ്കിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.
റാസൽഖൈമ ഖുസാം ഈദ് ഗ്രാന്‍ഡ് മുസല്ലയില്‍ നടന്ന ബലിപെരുന്നാള്‍ നമസ്കാരത്തില്‍ സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. തുടർന്ന് ഖുസാം ദിയാഫ മജ്ലിസില്‍ സന്ദര്ശിക്കാനെത്തിയവരില്നിന്നുള്ള ആശംസകള്‍ സ്വീകരിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ സഅബീൽ മോസ്കിലാണ് ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്.
പരീക്ഷണങ്ങൾ അതിജീവിക്കാൻ കരുത്ത് നേടണം -ഹുസൈൻ സലഫി
ഷാർജ: ഇബ്രാഹീം നബിയിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിലെ പരീക്ഷണങ്ങൾ അതിജീവിക്കാൻ കരുത്ത് നേടണമെന്ന് പ്രഭാഷകനും മസ്ജിദ് അസീസ് ഖത്തീബുമായ ഹുസൈൻ സലഫി. ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഈദ് ഗാഹിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്തിന്റെ കണ്ണികൾ ശക്തമാക്കി നാടിന്റെ സമാധാനാന്തരീക്ഷത്തിനുവേണ്ടി ഐക്യപ്പെടാൻ ഈദ് നമുക്ക് പ്രചോദനമാകണം.
മനുഷ്യരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും പഠിപ്പിച്ച മുസ്ലിംകൾക്കെതിരെ ഇസ്ലാമോഫോബിയ വളർത്തി വെറുപ്പുല്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗോളാടിസ്ഥാനത്തിൽ തുടരുകയാണ്. മുസ്ലിം സമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും അതിനെതിരെയുള്ള ശക്തമായ സന്ദേശമായി ഇസ്ലാമിലെ ആഘോഷങ്ങളെ ഉപയോഗപ്പെടുത്തണം -അദ്ദേഹം ഓർമപ്പെടുത്തി. ആഘോഷത്തിന്റെ പേരിൽ ലഹരി ജീവിതത്തിലേക്ക് കടന്നുവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടരുത്.
ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകുന്നു
സഹജീവികൾക്ക് നമ്മുടെ ആഘോഷം പ്രയാസമാവരുതെന്ന പ്രഖ്യാപനത്തിനകത്ത് നിന്നാവണം നമ്മുടെ ആഘോഷങ്ങളുടെ അതിരുകൾ നിശ്ചയിക്കപ്പെടേണ്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചകൻ ഇസ്മാഈൽ കൗമാരത്തിന് മാതൃക -അബ്ദുസ്സലാം മോങ്ങം
ദുബൈ: മഹത്തായ ഒരു നാഗരികതക്ക് തുടക്കംകുറിച്ച, സഹസ്രാബ്ദങ്ങളായി ചരിത്രത്തില്‍ ഇതിഹാസമായി മാറിയ പ്രവാചകൻ ഇസ്മാഈലാണ് ഇന്നത്തെ കൗമാരത്തിന് മാതൃകയാകേണ്ടതെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം. ദുബൈ മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഈദുല്‍ അദ്ഹ ഈദ്ഗാഹിന് നേതൃത്വം നല്കി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിസ്സഹായരും നിരപരാധികളുമായ ജനത കൊടുംദുരിതം അനുഭവിക്കുമ്പോള്‍ മതിമറന്ന സന്തോഷങ്ങളിലോ അതിരുവിട്ട ആഘോഷങ്ങളിലോ മുഴുകാതെ, പീഡിതര്‍ക്കുള്ള മനമറിഞ്ഞ പ്രാർഥന ഓരോ വിശ്വാസിയുടേയും കണ്oങ്ങളില്നിന്നുയരേണ്ടതുണ്ട്. ആള്‍ബലത്തിലോ ആയുധ ശേഷിയിലോ അല്ല, പ്രത്യുത, അടിയുറച്ച വിശ്വാസവും മനമുരുകിയ പ്രാര്‍ഥനയും ദൈവത്തിന്റെ സഹായവും ഒന്നിച്ചപ്പോഴാണ് അതുല്യമായ വിജയങ്ങള്‍ നല്കിയ ചരിത്രം നമുക്കുള്ളത് -അദ്ദേഹം തുടര്‍ന്നു.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നൽകുന്നു
ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്ന ഇക്കാലത്ത്, കുടുംബ-അയല്പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളിലും ഭാഗമാവാന്‍ അദ്ദേഹം വിശ്വാസികളെ ഉണര്‍ത്തി. അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ വിശാലമായ ഗ്രൗണ്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് നമസ്കാരത്തിനായി എത്തിച്ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

