ബലിപെരുന്നാൾ; നിരവധി തടവുകാർക്ക് മാപ്പുനൽകി ഭരണാധികാരികൾ
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: ബലിപെരുന്നാളിന് മുന്നോടിയായി നിരവധി തടവുകാർക്ക് മാപ്പുനൽകി യു.എ.ഇയിലെ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കേസുകളിൽ ജയിലിലകപ്പെട്ട 963 തടവുകാർക്കാണ് മോചനത്തിന് വഴിതുറന്നത്.ഈ തടവുകാരുടെ എല്ലാ പിഴ ബാധ്യതകളും അടച്ചുവീട്ടുകയും ചെയ്യും. എല്ലാവർഷവും ബലി പെരുന്നാളിനോട് അനുബന്ധിച്ച് തടവുകാർക്ക് മാപ്പ് നൽകാറുണ്ട്. ഈ പതിവനുസരിച്ചാണ് ഇത്തവണയും മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തടവുകാർ പുതിയ ജീവിതം തുടങ്ങാൻ അവസരമൊരുക്കാനും സമൂഹത്തിൽ ക്ഷമയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് മോചനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 985 തടവുകാർക്ക് മോചനം നൽകി. 439 തടവുകാർക്ക് മോചനം നൽകികൊണ്ട് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നല്ല പെരുമാറ്റം അടക്കമുള്ള മാനദണ്ഡങൾ അടിസ്ഥാനമാക്കിയാണ് മോചിപ്പിക്കപ്പെടുന്ന തടവുകാരെ തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 112 തടവുകാർക്ക് മാപ്പ് നൽകി ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ വിവിധ രാജ്യക്കാരായ തടവുകാർ ഉൾപ്പെടുമെന്നും നല്ല സ്വഭാവവും പെരുമാറ്റവും പരിഗണിച്ചാണ് മോചിപ്പിക്കപ്പെടുന്നവരെ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

