‘ഈണങ്ങളുടെ സുൽത്താൻ അബൂക്ക’ മാപ്പിളപ്പാട്ട് ലോഞ്ചിങ്
text_fields'ഈണങ്ങളുടെ സുൽത്താൻ അബൂക്ക' എന്ന ഗാനത്തിന്‍റെ പോസ്റ്റർ ഷംസുദ്ദീൻ നെല്ലറ, ബഷീർ ബെല്ലോയ്ക്ക് കൈമാറുന്നു
ദുബൈ: അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്‍റെ സംഗീതജീവിതവും സംഭാവനകളും പ്രമേയമാക്കി ഒരുക്കിയ ‘ഈണങ്ങളുടെ സുൽത്താൻ അബൂക്ക’ എന്ന മാപ്പിളപ്പാട്ട് ദുബൈയിൽ ലോഞ്ച് ചെയ്തു. എഴുത്തുകാരനും ഗാനരചയിതാവുമായ നസ്‌റുദ്ദീൻ മണ്ണാർക്കാട് രചിച്ച ഗാനം സംരംഭകൻ ഷംസുദ്ദീൻ നെല്ലറയാണ് ലോഞ്ച് ചെയ്തത്. ജബ്ബാർ പെർള ആലപിച്ച ഗാനത്തിന്‍റെ സംവിധാനം ഫിറോസ് കാട്ടൂർ നിർവഹിച്ചു. ദുബൈ എം.എൽ.ജി മീഡിയയാണ് നിർമാണം.
കഴിഞ്ഞ മാസം വിടപറഞ്ഞ കോഴിക്കോട് അബൂബക്കറിന്‍റെ സംഗീതജീവിതത്തെയും മാപ്പിളപ്പാട്ട് ലോകത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെയും ഓർമപ്പെടുത്തുന്നതാണ് ഗാനം. ‘മാപ്പിളപ്പാട്ടിന്‍റെ പൂമുഖമാകെ മൂകതയായി, ഖൽബിൽ ആയിരമായിരം ഈണം പേറിയ സുൽത്താൻ പോയി…” എന്ന ഹൃദയസ്പർശിയായ വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. ഒരു കാലഘട്ടത്തിലെ മാപ്പിളപ്പാട്ടിന്‍റെ ഈണങ്ങളോടൊപ്പം സഞ്ചരിച്ച കോഴിക്കോട് അബൂബക്കറിന്‍റെ സംഗീതജീവിതവും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയും വരികളിലൂടെ ഓർമപ്പെടുത്തുന്നു.
ദുബൈയിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ, കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ പ്രസിഡന്‍റ് ബഷീർ ബെല്ലോയ്ക്ക് ഗാനത്തിന്‍റെ പോസ്റ്റർ കൈമാറി. ഗാനരചയിതാവ് നസ്‌റുദ്ദീൻ മണ്ണാർക്കാട്, മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ ജനറൽ സെക്രട്ടറി ഒ.ബി.എം. ഷാജി, വൈസ് പ്രസിഡന്‍റ് തസ്നീം അഹ്‌മദ്, ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ്, റിയാദ് ഹിക്മ, ജലീൽ വാളക്കുളം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

