വിദ്യാഭ്യാസ വികസനം: മുന്‍ഗണന പദ്ധതികള്‍ പ്രഖ്യാപിച്ച് അഡെക്
text_fieldsഅബൂദബി: എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഭാവി വികസനത്തിനായുള്ള മുന്‍ഗണനാ പദ്ധതികള്‍ പ്രഖ്യാപിച്ച് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്). യു.എ.ഇയുടെ സാംസ്‌കാരിക സ്വത്വവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കെൽപുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് അഡെക് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖാദി വ്യക്തമാക്കി. എമിറേറ്റിലെ 220ലധികം സ്വകാര്യ സ്‌കൂള്‍ മേധാവികള്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് ഭാവി രൂപരേഖ പങ്കുവച്ചത്.
ദേശീയ വ്യക്തിത്വം ശക്തിപ്പെടുത്തുക, വിദ്യാര്‍ഥികളുടെ ശാരീരിക മാനസികാരോഗ്യം ഉറപ്പാക്കുക, ഭാവിക്ക് അനുയോജ്യമായ കഴിവുകള്‍ വളര്‍ത്തുക, മികച്ച അധ്യാപകരിലൂടെ താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നല്‍കുക എന്നിവയാണ് പ്രധാന മുന്‍ഗണനകള്‍. വിദ്യാര്‍ഥികളില്‍ സ്വദേശി സംസ്‌കാരത്തോടും അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ് യാന്‍റെ മൂല്യങ്ങളോടും ആദരവും പ്രതിബദ്ധതയും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള 'നാഷനല്‍ ആര്‍ട്ട് എക്സ്പ്രഷന്‍' പോലുള്ള പദ്ധതികള്‍ ഇതിന്‍റെ ഭാഗമായി നടപ്പാക്കും.
വിദ്യാര്‍ഥികളുടെ ആരോഗ്യപൂര്‍ണമായ ജീവിതശൈലിക്കായി സ്‌കൂളുകളിലെ ഭക്ഷണനയത്തില്‍ മാറ്റം വരുത്തും. ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനായി അബൂദബി സ്‌കൂള്‍, യൂനിവേഴ്സിറ്റി സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ്, ഓള്‍ സ്റ്റാര്‍സ് പ്രോഗ്രാം എന്നിവ വ്യാപിപ്പിക്കും. അറബിക്, ഇംഗ്ലീഷ് ഭാഷകളിലെ വായനാവിശേഷവും സാക്ഷരതയും മെച്ചപ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ടൂള്‍ കിറ്റുകള്‍ നല്‍കും. കൂടാതെ, സാമ്പത്തിക സാക്ഷരത, വ്യക്തിത്വ വികസനം എന്നിവയ്ക്കൊപ്പം എ.ഐ സാങ്കേതികവിദ്യ, ഉപയോഗിക്കുന്നതിനപ്പുറം ധാര്‍മികവും ക്രിയാത്മകവുമായ ഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബോധവത്കരിക്കാന്‍ സമഗ്രമായ പാഠ്യപദ്ധതി കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

