സ്കൂളിൽ വേണ്ട മൊബൈൽ
text_fieldsഅബൂദബി: 2024-25 അക്കാദമിക് വര്‍ഷത്തിന്റെ മൂന്നാം ടേം ഏപ്രില്‍ 14ന് തുടക്കമാവുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായി സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചു. മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളോ സ്കൂള്‍ വളപ്പില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. ഐപാഡുകളുടെ ഉപയോഗവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതേസമയം ലാപ്ടോപ്പുകള് സ്കൂളുകളില്‍ കൊണ്ടുവരാം.
അകാരണമായ അവധി
അകാരണമായി വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരാതിരിക്കുന്നത് അംഗീകരിക്കില്ല. ഓരോ പാഠങ്ങള്‍ എടുക്കുമ്പോഴും വിദ്യാര്‍ഥികളുടെ അകാരണമായ അഭാവങ്ങള്‍ രേഖപ്പെടുത്തും. മൂന്നു പാഠങ്ങള്‍ ഒരു വിദ്യാര്‍ഥി നഷ്ടമാക്കിയാല്‍ അത് മുഴു ദിവസ അവധിയായി കണക്കാക്കും. അത്തരം കേസുകള്‍ കുട്ടികളുടെ സ്വഭാവ രേഖയെ മോശമായി ബാധിക്കുകയും ചെയ്യും. മാതാപിതാക്കള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുമ്പോൾ ഔപചാരിക വസ്ത്രം ധരിച്ചിരിക്കണം. സാധുവായ ഐഡി കാര്‍ഡ് പ്രദശര്പ്പിക്കുകയും റിസപ്ഷനില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
യൂണിഫോം നിര്‍ബന്ധം
ദേശീയ സ്കൂള്‍ യൂണിഫോം നിര്‍ബന്ധം. സ്പോര്‍ട്സ് യൂണിഫോമുകള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ മാത്രം. ഹുഡീസ് പോലുള്ള വസ്ത്രങ്ങള്‍ സ്കൂളുകളില്‍ ധരിക്കാന്‍ അനുവദിക്കില്ല. മാന്യമായ രീതിയില്‍ മുടി വെട്ടണം, പൊതു ശുചിത്വം പാലിച്ചിരിക്കണം. പാഠാധിഷ്ടിത ഷെഡ്യൂളുകള്‍ ആയിരിക്കണം സ്കൂളുകള്‍ പാലിക്കേണ്ടത്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 2.10 വരെയായിരിക്കും സ്കൂളുകളുടെ പ്രവര്‍ത്തനം. വെള്ളിയാഴ്ചകളില്‍ രാവിലെ 10.30 വരെ. സ്കൂള്‍ ബസ്, സ്വകാര്യ വാഹനം ഉപയോഗിക്കണം. കുട്ടികള്‍ ബസ്സില്‍ കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും സമയങ്ങളും സ്ഥലങ്ങളും മാതാപിതാക്കള്‍ പാലിക്കണം. സുഗമമായ ഗതാഗതവും സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ ഓരോ പ്രദേശത്തിനും പ്രത്യേക പ്രവേശന, എക്സിറ്റ് ഗേറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ടാമത്തെ ഇടവേളകളില്‍ സ്കൂളുകളില്‍ നിര്‍ദിഷ്ട ഇടങ്ങളില്‍ ളുഹര്‍ നിസ്കാരത്തിന് സൗകര്യമുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.