വിദ്യാഭ്യാസം അടിസ്ഥാന സ്തംഭം -ശൈഖ് മുഹമ്മദ് ബിൻ സായിദ്
text_fieldsദുബൈ: യു.എ.ഇയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാന സ്തംഭമാണ് വിദ്യാഭ്യാസമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം എക്സ് അക്കൗണ്ടിൽ സന്ദേശം പങ്കുവെച്ചത്. സ്വത്വത്തെയും മൂല്യങ്ങളെയും ശക്തിപ്പെടുത്തുന്ന, ദേശീയ വികസന മുൻഗണനകളെ പിന്തുണക്കുന്ന ഒരു ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അറിവ്, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലെല്ലാം പുരോഗതി കൈവരിക്കുന്നതിൽ യുവാക്കളെ സജീവ പങ്കാളികളാക്കാൻ പ്രാപ്തരാക്കുന്നതാണതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലും മറ്റും യു.എ.ഇ നടപ്പാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് വാർത്ത ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
സെനഗലിലെ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൊക്കേഷനൽ എജുക്കേഷൻ ഇതിന് ഉദാഹരണമായും വിശദീകരിച്ചിട്ടുണ്ട്. ഏകദേശം 1000 വിദ്യാർഥികൾക്ക് പഠിക്കാൻ ശേഷിയുള്ള സ്ഥാപനം, സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ അവരെ സഹായിക്കുന്നതാണ്. യു.എ.ഇയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടി യമനിലും വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അൽ ദാലിയ ഗവർണറേറ്റിലെ അൽ അസാരിഖ്, ജഹാഫ് ജില്ലകളിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് വിദ്യാഭ്യാസ സമുച്ചയങ്ങൾ ആരംഭിച്ചിരുന്നു. 2018 മുതൽ, 2025 വരെ വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ പരിപാടികളെ സഹായിക്കുന്നതിനായി യു.എ.ഇ 200 മില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ടെന്ന് ‘വാം’ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

