ഷാർജയുടെ 'വലിയ ഹൃദയം' കൊണ്ട് കെനിയയിൽ പള്ളിക്കൂടം
text_fieldsബിഗ് ഹാർട്ട് ഫൗണ്ടേഷൻ അംഗങ്ങൾ കെനിയയിലെ വിദ്യാർഥികളുമായി സംവദിക്കുന്നു
ഷാർജ: ലോകത്തുടനീളം സഹായം ആവശ്യമുള്ളവരെ പിന്തുണക്കാൻ സമർപ്പിച്ച ഷാർജ ആസ്ഥാനമായ ആഗോള മാനുഷിക സംഘടനയായ ദ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടി ബി.എച്ച്.എഫ്) കെനിയയിലെ കലോബേയി ഇൻറഗ്രേറ്റഡ് സെറ്റിൽമെൻറിൽ പെൺകുട്ടികൾക്കായി ബോർഡിങ് സെക്കൻഡറി സ്കൂൾ നിർമാണം ആരംഭിച്ചു. ഷാർജ ചാരിറ്റി ഹൗസ് എന്ന എൻ.ജി.ഒയിൽനിന്ന് പത്ത് ലക്ഷം ഡോളർ ധനസഹായം നൽകുന്ന ഈ പദ്ധതി 360 പെൺകുട്ടികൾക്ക് പ്രയോജനമേകും. ഇതിൽ സെറ്റിൽമെൻറിലെ അഭയാർഥികളും ഇവർക്ക് അഭയം നൽകിയിരിക്കുന്ന സമൂഹങ്ങളിലെ പെൺകുട്ടികളും ഉൾപ്പെടും.
അടുത്ത അധ്യയനവർഷത്തിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കലോബെയ് സെറ്റിൽമെൻറിൽ നിലവിൽ പെൺകുട്ടികൾക്കായി ഒരു ബോർഡിങ് ഇതര സെക്കൻഡറി സ്കൂൾ മാത്രമേ ഉള്ളൂ. നിർബന്ധിത ബാലവിവാഹം, ബാലവേല, ഒറ്റപ്പെട്ടുപോയ പ്രായപൂർത്തിയാകാത്ത കുട്ടികൾ, രക്ഷിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ, ഭിന്നശേഷിയുള്ള പെൺകുട്ടികൾ തുടങ്ങിയവർക്ക് സുരക്ഷിതാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. ഫർണിച്ചർ, ലബോറട്ടറികൾ, ലൈബ്രറികൾ, അധ്യാപക ഓഫിസുകൾ, ഡോർമിറ്ററികൾ, വാഷ്‌റൂമുകൾ എന്നിവ സ്‌കൂളിൽ പൂർണമായും സജ്ജമാക്കുമെന്ന് ടി.ബി.എച്ച്.എഫ് ഡയറക്ടർ മറിയം അൽ ഹമ്മദി പറഞ്ഞു.
ഷാർജ ഭരണാധികാരിയുടെ ഭാര്യയും ടി.ബി.എച്ച്.എഫ് ചെയർപേഴ്സനുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ മാർഗനിർദേശപ്രകാരമാണ് യുദ്ധം, പ്രകൃതി ദുരന്തം എന്നിവയുടെ ഇരയായ നിരപരാധികളായ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാനുള്ള പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്ക് സംഭാവന നൽകിയതിന് ഷാർജ ചാരിറ്റി ഹൗസിനോട് നന്ദി പറയുന്നുവെന്ന് ഷാർജ ചാരിറ്റി ഹൗസ് സെക്രട്ടറി ജനറൽ സുൽത്താൻ അൽ ഖയ്യാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

