മനസ് വായിച്ച്, അതിശയം വിതച്ച് ആദി
text_fieldsദുബൈ: പുസ്തകം നോക്കി വായിക്കുന്നത്ര ലാഘവത്തോടെ മനസും അതിലെ വിചാരങ്ങളും വായിച്ച് ആദി ഇന്നലെ ദുബൈയുടെ താരമായി. സദസ്യര്‍ക്കിടയില്‍ നിന്ന് സദസ്യരാല്‍ പറഞ്ഞയക്കപ്പെട്ട അപരിചിത മനുഷ്യന്‍െറ എ.ടി.എം പിന്‍ നമ്പര്‍ കണ്ണില്‍നോക്കിപ്പറഞ്ഞാണ് മെന്‍റാലിസ്റ്റ് ആദി ആദര്‍ശ് എജുകഫേയുടെ രണ്ടാം ദിവസം വിസ്മയങ്ങളുടെ വെടിക്കെട്ടിന് തുടക്കമിട്ടത്. പുസ്തകങ്ങളില്‍ നിന്ന് മനസുകൊണ്ട് തെരഞ്ഞെടുക്കാന്‍ പറഞ്ഞ വാക്കുകള്‍ കൂടിപ്പറഞ്ഞതോടെ സദസ്സ് ഒന്നടങ്കം ഒപ്പമായി.
സ്റ്റേജില്‍ വിളിച്ചുവരുത്തിയ പെണ്‍കുട്ടി മനസില്‍ വിചാരിച്ച വിട്ടകന്നുപോയ ബന്ധുവിന്‍െറ പേര് പറയുക മാത്രമല്ല, സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ അദ്ദേഹം നല്‍കിയ പൂവിന്‍െറ പേരറിയിക്കുകയും അതിന്‍െറ സുഗന്ധം പടര്‍ത്തുകയും ചെയ്തത് പുത്തനനുഭവമായി. പിന്നെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയത് ദമ്പതികളെ. വ്യക്തിപരമായ രഹസ്യങ്ങളൊന്നും പറയില്ളെന്നും പേടിക്കേണ്ടതില്ല എന്നുമുള്ള മുഖവുരയോടെയാണ് ദമ്പതികളെ ക്ഷണിച്ചത്. തമ്മിലെ സ്നേഹം എത്രമാത്രം ഹൃദ്യമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങള്‍. കണ്ണടച്ചിരുന്ന ദമ്പതികളില്‍ ഭര്‍ത്താവിന്‍െറ മൂക്കില്‍ ആദി തൊട്ടപ്പോള്‍ സ്പര്‍ശനം അറിഞ്ഞത് ഭാര്യ, ഭാര്യയുടെ പിറകില്‍ കുപ്പിച്ചില്ലുകൊണ്ട് കുത്തുന്ന ആംഗ്യം കാണിച്ചതും വേദനകൊണ്ട് പുളഞ്ഞത് ഈ ദൃശ്യം കാണുക പോലും ചെയ്യാത്ത ഭര്‍ത്താവ്. സദസ്യരുടെ കൈയ്യടിയിലും ആര്‍പ്പുവിളിയിലും ഓഡിറ്റോറിയം കുലുങ്ങുക തന്നെ ചെയ്തു. സദസ്സിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയെക്കൊണ്ട് പിതാവിനെ ഫോണില്‍ വിളിപ്പിച്ച് അദ്ദേഹം ചിന്തിക്കുന്നതെന്തെന്ന് പറഞ്ഞു കൊടുത്തും മണിക്കൂറുകള്‍ക്കു മുന്‍പേ സ്റ്റേജില്‍ കൊണ്ടുവന്ന ബോര്‍ഡില്‍ എഴുതിവെച്ച അതേ വാക്യം കാണിച്ച് അമ്പരപ്പിച്ചുമാണ് ഇന്‍സോംനിയ ഷോ അവസാനിപ്പിച്ചത്.
മന്ത്രവിദ്യയോ മനസിലേക്കുള്ള കടന്നു കയറ്റമോ അല്ല മറിച്ച് ശാസ്ത്രീയമായ മനസുവായനയാണ് താന്‍ ചെയ്യുന്നതെന്ന് കാഞ്ഞങ്ങാട് സ്വദേശി ആദി പിന്നീട് വിശദമാക്കി. കുട്ടികളുടെ വന്‍ സംഘമാണ് ഓട്ടോഗ്രാഫിനും സെല്‍ഫിക്കുമായി തടിച്ചുകൂടിയത്. സഅബില്‍ പാലസ് അഡ്മിനിസ്ട്രേറ്റര്‍ റിയാസ് ചേളാരി ആദിയെ പൊന്നാടയണിയിച്ചു.