‘എജുകഫെ’ പത്താം സീസണ് ഇന്ന് തുടക്കം
text_fieldsദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘എജുകഫെ’ പത്താം സീസൺ ദുബൈ മില്ലനിയം എയർപോർട്ട് ഹോട്ടലിൽ ഞായറാഴ്ച ആരംഭിക്കും. രണ്ടു ദിവസം നീളുന്ന മേളയിൽ വിദ്യാർഥികൾക്ക് പ്രമുഖ സ്ഥാപനങ്ങളുടെ പ്രദർശനവും വിദഗ്ധർ നയിക്കുന്ന വിവിധ സെഷനുകളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധയും ലൈഫ് സ്റ്റൈൽ ബ്ലോഗറുമായ ഡോ. സൗമ്യ സരിൻ പാരന്റിങ് സംബന്ധിച്ച സെഷൻ നയിക്കും.
റോബോട്ടിക്സ് സാങ്കേതികവിദ്യാ വിദഗ്ധൻ ബെൻസൺ തോമസ് ‘സ്റ്റെം’ എജുക്കേഷൻ വഴിയുള്ള ഭാവി സാധ്യതകളെക്കുറിച്ച് സദസ്സുമായി സംവദിക്കും. കരിയർ കൗൺസലിങ് വിദഗ്ധനായ ഡോ. ശരീഫാണ് കരിയർ മാപ്പിങ് ആൻഡ് കൗസലിങ് സെഷന് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യഭ്യാസരംഗത്തെ 50ഓളം സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തുന്നുണ്ട്. മേള സന്ദർശിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിരവധി സ്കോളർഷിപ്പുകളും സമ്മാനങ്ങളും സൗജന്യ കൗൺസലിങ്ങും നേടാൻ അവസരമുണ്ട്.
കരിയർ അറിവുകൾ പങ്കുവെക്കാനും കരിയർ സംശയങ്ങൾ തീർക്കാനും സി-ഡാറ്റ് പരീക്ഷയിലൂടെ അഭിരുചി അറിയാനും അവസരം നൽകുന്നതിന് സിജി ഇൻറർനാഷനൽ കരിയർ ടീം അംഗങ്ങൾ മേളയിൽ എത്തിച്ചേരുന്നുണ്ട്. കരിയർ കൗൺസലിങ് തികച്ചും സൗജന്യമായാണ് സിജി ഒരുക്കുന്നത്.
യു.എ.ഇ, ഇന്ത്യ, യു.എസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളിൽ 30 ശതമാനം മുതൽ 100 ശതമാനംവരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരം വിവിധ സ്ഥാപനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. പങ്കെടുക്കുന്ന 11,12 ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ലാപ്ടോപ്പ് സമ്മാനമായി ലഭിക്കും.
അതോടൊപ്പം ‘എജുകഫെ’ വേദിയിലെത്തുന്ന ആദ്യത്തെ 500 രക്ഷിതാക്കൾക്ക് വയനാട്ടിലെ പ്രീമിയം ലക്ഷ്വറി റിസോർട്ടിലെ താമസത്തിന് സൗജന്യ വൗച്ചർ നൽകും. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കൊപ്പമോ അല്ലെങ്കിൽ കുട്ടികളുടെ ഐ.ഡി കാർഡുമായോ വരുന്നവർക്കാണ് വൗച്ചർ നേടാൻ അവസരമുണ്ടാവുക.
പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.
പ്രദർശനം ഉച്ചക്ക് രണ്ടുമണി മുതൽ
ദുബൈ: ‘എജുകഫെ’ പത്താം സീസൺ പ്രദർശനം ആരംഭിക്കുന്നത് ഉച്ചക്ക് രണ്ടുമണി മുതൽ. വിവിധ സ്ഥാപനങ്ങളുടെ പ്രദർശനത്തോടൊപ്പം സമാന്തരമായി വേദിയിൽ വിവിധ സെഷനുകളും അരങ്ങേറും. രാത്രി എട്ടുമണി വരെയാണ് മേളയിലെ സന്ദർശക സമയം. തിരക്കൊഴിവാക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരത്തേ രജിസ്റ്റർ ചെയ്ത് വേദിയിലെത്താം. മേളയുടെ വേദിയിലും രജിസ്ട്രേഷന് സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

