280 കോടി ദിർഹം സമാഹരിച്ച് ‘എഡ്ജ് ഓഫ് ലൈഫ്’ കാമ്പയിൻ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ റമദാൻ കാമ്പയിൻ 280 കോടി ദിർഹം സമാഹരിച്ചു.
100 കോടി ദിർഹം സമാഹരിക്കാൻ ലക്ഷ്യമിട്ട് നടത്തിയ കാമ്പയിനാണ് രണ്ടിരട്ടിയോളം തുക നേടിയിരിക്കുന്നത്. വ്യക്തികൾ, സ്ഥാപനങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവരടക്കം 44,000ത്തിലധികം ആളുകൾ കാമ്പയിനിന് സംഭാവനകൾ നൽകിയതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ട് വഴി അറിയിച്ചു. കാമ്പയിൻ സമാപിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. കാമ്പയിനുമായി സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതായും നല്ലത് ചെയ്യുന്ന കൈകളെ അഭിനന്ദിക്കുന്നതായും ശൈഖ് മുഹമ്മദ് കുറിച്ചു. സംരംഭത്തിലൂടെ 50 ലക്ഷം കുട്ടികൾക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലുമായാണ് റമദാനിൽ ധനസമാഹരണം നടത്തിയത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പിലാക്കുന്നത്.
ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ, സേവ് ദ ചിൽഡ്രൻ, യൂനിസെഫ്, ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ എന്നിവയുമായി പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഏറ്റവും അശരണരായ കുട്ടികൾക്ക് അടിയന്തിര പോഷകാഹാരം ലഭ്യമാക്കുകയും ജീവൻ രക്ഷിക്കാനുള്ള ഇടപെടൽ നടത്തുകയുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലും റമദാനിൽ വ്യത്യസ്ത കാമ്പയിനുകൾ ശൈഖ് മുഹമ്മദിന്‍റെ ആഹ്വാന പ്രകാരം നടന്നിരുന്നു.
2020 റമദാനിൽ 10 മില്യൺ മീൽസ് കാമ്പയ്ൻ, 2021ൽ 100 മില്യൺ മീൽസ് കാമ്പയ്ൻ, 2022ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2023ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2024ൽ 1 ബില്യൺ ദിർഹത്തിന്റെ മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2025ൽ ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്‌ൻ എന്നിവയാണ് സംഘടിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

