‘എഡ്ജ് ഓഫ് ലൈഫ്’ കാമ്പയിൻ; നമ്പർപ്ലേറ്റ് ലേലം നേടിയത് 9.14 കോടി
text_fieldsദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ കാമ്പയിന് നമ്പർപ്ലേറ്റ് ലേലം വഴി 9.14കോടി ദിർഹം സമാഹരിച്ചു. ദുബൈ ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ കാമ്പയിനിന്‍റെ ഭാഗമായ ഫണ്ട് സമാഹരണ സുഹൂർ പരിപാടിയിലാണ് ‘മോസ്റ്റ് നോബിൾ നമ്പർ’ ചാരിറ്റി ലേലം നടന്നത്. ഓക്ഷനിൽ 29 പ്രത്യേക റജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളും മൊബൈൽ നമ്പറുകളുമാണ് ലേലത്തിന് വെച്ചത്. ആർ.ടി.എയുടെ നമ്പർ പ്ലേറ്റുകൾ 8.15 കോടി ദിർഹം, ഇ-ആൻഡ് പ്രീമിയം നമ്പറുകൾ 19ലക്ഷം ദിർഹം, ‘ഡു’ നമ്പറുകൾ 80ലക്ഷം ദിർഹം എന്നിങ്ങനെയാണ് സമാഹരിച്ചത്. ഏറ്റവും കൂടുതൽ വില ലഭിച്ചത് ഡി.ഡി 6 എന്ന നമ്പർ പ്ലേറ്റിനാണ്. 3.7കോടി ദിർഹമിനാണ് ഈ നമ്പർ ലേലത്തിന് പോയത്.
ഡി.ഡി 16 എന്ന നമ്പർ 90ലക്ഷവും ഡി.ഡി 25 എന്നത് 64ലക്ഷവും സമാഹരിച്ചു.
റമദാൻ തുടക്കത്തിൽ പ്രഖ്യാപിച്ച കാമ്പയിനിലേക്ക് സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്ന് സംഭാവനകൾ പ്രവഹിക്കുകയാണ്. കഴിഞ്ഞ ദിവസം ആഗാഖാൻ ഫൗണ്ടേഷൻ 10കോടി, ഗേറ്റ്സ് ഫൗണ്ടേഷൻ 5കോടി, എഡൽഗിവ് ഫൗണ്ടേഷൻ 5കോടി, ടാറ്റ ട്രസ്റ്റ്സ് ഫൗണ്ടേഷൻ 2കോടി തുടങ്ങിയ സംഭാവനകൾ ലഭിച്ചു. ശനിയാഴ്ച രാത്രി മാത്രമായി 100കോടി ദിർഹം സമാഹരിച്ചതോടെ നിലവിൽ 150കോടി ദിർഹമിലധികം ആകെ സമാഹരിച്ചതായാണ് കണക്കാക്കുന്നത്. സംരംഭത്തിലൂടെ 50ലക്ഷം കുട്ടികൾക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പിലാക്കുന്നത്. ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ, സേവ് ദ ചിൽഡ്രൻ, യൂനിസെഫ്, ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ എന്നിവയുമായി പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് അക്കൗണ്ട്(IBAN: AE940340003708472909222) വഴിയും 1034, 1035, 1036, 1038 നമ്പറുകളിൽ ‘LIFE’ എന്ന് സന്ദേശം അയച്ച് 10ദിർഹം, 50ദിർഹം, 100ദിർഹം, 500ദിർഹം വരെയും സംഭാവന നൽകാം. ദുബൈനൗ ആപ്പ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും സംഭാവന നൽകാനുള്ള അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

