അബൂദബിയിൽ ഇ.ഡി.ഇ സ്കാൻ പരിശോധന തുടങ്ങി
text_fieldsഅബൂദബി: മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ ഇ.ഡി.ഇ സ്കാൻ പരിശോധന തുടങ്ങി. ഗാൻതൂത്ത് അതിർത്തിയിലാണ് പരിശോധന നടത്തുന്നത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന ഏർപെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്‌കാനറുകൾ. സ്‌കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ഇവിടെ സൗജന്യ ആൻറിജന്‍ ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യും. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചാൽ ചികിൽസക്ക് ആവശ്യമായ നിർദേശം നൽകും.
മാളുകള്‍, അമ്യൂസ്‌മെൻറ് പാര്‍ക്ക്, തീയേറ്റര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇ.ഡി.ഇ സ്‌കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. അബൂദബി ദുരന്ത നിവാരണ കമ്മിറ്റിയാണ് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.
ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇ.ഡി.ഇ റാപിഡ് പരിശോധന നടത്തുന്നത്. താപനില അളക്കുന്നത് പോലുള്ള പരിശോധനയാണിത്. സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുന്ന ഈ പരിശോധനക്കായി നമ്മുടെ രേഖകൾ നൽകേണ്ടതില്ല. സ്കാനറിൽ പച്ച നിറമാണ് കാണിക്കുന്നതെങ്കിൽ നിങ്ങൾക്ക് യാത്ര തുടരാം. എന്നാൽ, ചുവപ്പുനിറം തെളിഞ്ഞാൽ കോവിഡ് സാധ്യതയുണ്ട് എന്നാണ് അർഥം. ഇവരെ ആൻറിജൻ പരിശോധനക്ക് വിധേയരാക്കും. ഇതിനുള്ള സൗകര്യവും ഇവിടെ തന്നെയുണ്ട്. മൂക്കിൽ നിന്നുള്ള സ്രവമെടുത്തായിരിക്കും പരിശോധന. 20 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. പരിശോധനകളെല്ലാം സൗജന്യമാണ്. അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസുള്ളവരും ഈ പരിശോധനകൾക്ക് വിധേയരാകണം.
ആൻറിജൻ പരിശോധന പോസിറ്റീവാകുന്ന മറ്റ് എമിറേറ്റുകളിൽ വിസയുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. ഇവരെ അതിർത്തിയിൽ നിന്ന് മടക്കി അയക്കും. നിങ്ങളുടെ പരിശോധന ഫലം അതാത് എമിറേറ്റുകളിലെ ഹെൽത്ത് അതോറിറ്റിയെ അറിയിക്കുകയും ചെയ്യും.
എന്നാൽ, അബൂദബി വിസക്കാരാണെങ്കിൽ എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കും. പക്ഷെ, ഇവർ സ്വന്തം വീട്ടിലോ താമസ സ്ഥലത്തോ നിശ്ചിത ദിവസം ഐസോലേഷനിൽ കഴിയണം. ഇവരെ ട്രാക്ക് ചെയ്യുന്നതിന് കൈയിൽ റിസ്റ്റ് ബാൻഡ് ഘടിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

