പരിസ്ഥിതിസൗഹൃദ പദ്ധതികൾ വികസിപ്പിക്കുന്നത് തുടരും -ശൈഖ് മുഹമ്മദ്
text_fieldsഅബൂദബി സസ്റ്റെയ്നബിലിറ്റി വീക്ക് ഉദ്ഘാടനച്ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന് ഒപ്പം
ദുബൈ: പരിസ്ഥിതിപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിന് നൂതനമായ പദ്ധതികൾ വികസിപ്പിക്കുന്നത് രാജ്യം തുടരുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ എക്സ്പോയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച അബൂദബി സസ്റ്റെയ്നബിലിറ്റി വീക്കിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പുനരുപയോഗ ഊർജം സ്വീകരിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തന മേഖലയിലും യു.എ.ഇ എന്നും മുന്നിൽ നിന്നിട്ടുണ്ടെന്നും ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ കാഴ്ചപ്പാടിന് അനുസരിച്ച്, ജനങ്ങളുടെ ജീവിതത്തിലും ഭൂമിയുടെ നിലനിൽപിനും ഭീഷണിയാകുന്നതരത്തിലുള്ള പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യം മുൻനിരയിലുണ്ടാകും.
ഇതിനായി ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ ക്ലീൻ എനർജി പദ്ധതികൾ വികസിപ്പിച്ച് യു.എ.ഇ ഈ പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ട്. 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള പദ്ധതി ഇതിെൻറ ഭാഗമായി രൂപപ്പെട്ടതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.അബൂദബി സസ്റ്റെയ്നബിലിറ്റി വീക്കിൽ 170ലധികം രാജ്യങ്ങളിൽനിന്നായി 45,000ലധികം പേർ പങ്കെടുക്കുന്നുണ്ട്. 1000 അന്താരാഷ്ട്ര കമ്പനികളും നവീന ആശയങ്ങൾ അവതരിപ്പിച്ച് ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങളിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ, യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജബർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

