ഉയിർപ്പിന്റെ ഓർമകളിൽ ഈസ്റ്റർ ആഘോഷം
text_fieldsഅൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഈസ്റ്റർ ചടങ്ങ്
ദുബൈ: 50 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷം യു.എ.ഇയിലെ ക്രസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ഓർമകളുമായി നടന്ന ആഘോഷത്തിൽ യു.എ.ഇയിലെ എല്ലാ ക്രിസ്ത്യൻ ദേവാലയങ്ങളിലും പ്രത്യേക ഈസ്റ്റർ തിരുകർമങ്ങൾ നടന്നു. അച്ചായൻസ് സദ്യ ഒരുക്കിയാണ് ഹൈപ്പർമാർക്കറ്റുകൾ ഈസ്റ്റർ ആഘോഷമാക്കിയത്. ദേവാലയങ്ങളിൽ നമസ്കാരം, ഉയിർപ്പ് പ്രഖ്യാപനം, സ്ലീബാ വന്ദന ശുശ്രൂഷ തുടങ്ങിയ ചടങ്ങുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ജോർജിയൻ തീർഥാടന കേന്ദ്രമായി അറിയപ്പെടുന്ന അബൂദബിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമികത്വം വഹിച്ചു. വൈദികൻ തോമസ് മുട്ടുവേലി കോറെപ്പിസ്കോപ, ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, അസി. വികാരി ഫാ. മാത്യൂ ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു.
അബൂദബി മുസഫ സെന്റ് പോൾസ് കാത്തലിക് പള്ളിയിൽ ഉയിർപ്പ് തിരുകർമങ്ങൾക്കും കുർബാനക്കും ഫാ. ടോം ജോസഫ് ഒ.എഫ്.എം. മുഖ്യകാർമികത്വം വഹിച്ചു. ദുബൈയിലെ ജബൽഅലി, ഊദ്മേത്ത ചർച്ച് ക്ലോംപ്ലക്സുകളിലെ പള്ളികളിലും ആയിരങ്ങൾ തിരുകർമങ്ങളിൽ പങ്കെടുക്കാനെത്തി.
ജബൽഅലിയിലെ പള്ളിയിലേക്ക് എത്താൻ പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിരുന്നു. അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശനിയാഴ്ച ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. സന്ധ്യാ നമസ്കാരത്തോട് കൂടി ആരംഭിച്ച ശുശ്രൂഷകൾക്കുശേഷം ഉയിർപ്പിന്റെ പ്രഖ്യാപനവും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി റവ. ഫാ. മാത്യു വർഗീസ് മുഖ്യകാർമികനും റവ. ഫാ. റെനി രാജൻ സഹകാർമികനുമായിരുന്നു.
ഈസ്റ്റർ രുചികരമാക്കാൻ യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ അച്ചായൻസ് സദ്യയൊരുക്കിയിരുന്നു. മീൻ മുളകിട്ടത്, ബീഫ് ചില്ലി കൊക്കനട്ട് ഫ്രൈ, ചിക്കൻ നാടൻ ഫ്രൈ, ബീഫ് സ്റ്റു, കോഴിപ്പിടി, കുത്തരിചോറ്, അവിയൽ, തോരൻ, പുളിശ്ശേരി, പായസം എന്നിങ്ങനെ 18 വിഭവങ്ങൾ അടങ്ങിയതാണ് അച്ചായൻസ് സദ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

