ഭൂകമ്പദുരിതം; യു.എ.ഇ സംഘം പുനരധിവാസ പ്രവർത്തനം തുടങ്ങി
text_fieldsഭൂകമ്പ ദുരിതമേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്ന യു.എ.ഇ സംഘാംഗങ്ങൾ
അബൂദബി: തുർക്കിയയിലും സിറിയയിലും ഭൂകമ്പം ദുരിതം വിതച്ച മേഖലകളിൽ യു.എ.ഇ സംഘം പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമായി. നേരത്തേ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചതോടെയാണ് പുനരധിവാസ സംരംഭങ്ങളുമായി രംഗത്തിറങ്ങിയത്. ജോയന്റ് ഓപറേഷൻസ് കമാൻഡ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്.
സമുദ്ര ഗതാഗതം വഴി രൂപപ്പെടുത്തിയ നാവിക സഹായ ഇടനാഴിയിലൂടെയും വിമാനങ്ങൾ വഴിയും മാനുഷിക സഹായങ്ങൾ എത്തിക്കാനാണ് സംഘം പ്രവർത്തിക്കുന്നത്. ഭക്ഷണം, മരുന്നുകൾ എന്നിവക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി സിറിയൻ ആശുപത്രികളെ പുനർസജ്ജീകരിക്കുന്നതിനായി രാജ്യത്തെ വിവിധ മെഡിക്കൽ അതോറിറ്റികളിൽനിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം സിറിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. തുർക്കിയയിലെ ഹതായ് പ്രവിശ്യയിലെ റെയ്ഹാൻലി ജില്ലയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ഹോസ്പിറ്റൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ തുർക്കിയയിലെ ഇസ്ലാഹിയയിലും ഗാസിയാൻതെപിലും ഫീൽഡ് ആശുപത്രിയുടെ പ്രവർത്തനം തുടരാനാണ് തീരുമാനം.
യു.എ.ഇയുടെ സെർച് ആൻഡ് റെസ്ക്യൂ ടീം തുർക്കിയയിൽ മാത്രമാണ് നിലവിൽ ദൗത്യം അവസാനിപ്പിച്ചത്. സിറിയയിൽ അവിടത്തെ രക്ഷാസേനകൾക്ക് നൂതന ഉപകരണങ്ങളിൽ പരിശീലനം നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. തുർക്കിയയിൽ രക്ഷാദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് സംഘം മടങ്ങിയത്. സിറിയയിലെയും തുർക്കിയയിലെയും ഓപറേഷനിൽ ആകെ 134 രക്ഷാപ്രവർത്തകരുടെ സേവനം, 136 വിമാന സർവിസുകൾ, 3,772 ടൺ ഭക്ഷണ, മെഡിക്കൽ വിതരണം എന്നിവ യു.എ.ഇ സംഘം നിർവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

