മനസുവെച്ചാൽ മാറ്റാൻ പറ്റാത്ത ശീലങ്ങളായി ഒന്നുമില്ല
text_fieldsസജ്ന സാജിദ്
മനസുവെച്ചാൽ മാറ്റാൻ പറ്റാത്ത ശീലങ്ങളായി ഒന്നുമില്ല. 21 ദിവസം തുടർച്ചയായി ശ്രമിച്ചാൽ ഏതൊരു ശീലവും ജീവിതത്തിെൻറ ഭാഗമാക്കാമെന്നാണ് തിയറി. ഈ തിയറിക്ക് കരുത്ത് പകർന്ന് കുട്ടികളിൽ നല്ല ശീലം വളർത്താനുള്ള ശ്രമത്തിലാണ് കരിയർ കൗൺസിലറും പ്രൊജക്ട് മാനേജറുമായ സജ്ന സാജിദ്. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ് (എൻ.എൽ.പി) മാസ്റ്റർ പ്രാക്ടീഷണറും കോച്ചുമായ സജ്ന 'ഷേഡ് ദ സോൾ' എന്ന പ്ലാറ്റ്ഫോം വഴിയാണ് 'ഏർലി ബേഡ്' ചാലഞ്ച് നടത്തിയത്. 10 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ അക്കാദമിക്, സ്പോർട്സ് ഉൾപെടെ ഓവറോൾ പെർഫോമൻസ് മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന ചാലഞ്ചാണ് ലാഭേഛയില്ലാതെ നടപ്പാക്കുന്നത്. കഴിഞ്ഞ മാസം ആറു പേരുമായി ആരംഭിച്ച ഏർലി ബേഡ് ക്ലബ്ബിൽ ഇപ്പോൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 60ഓളം പേരുണ്ട്.
മക്കളായ ആയിഷക്കും നെഹാനും അയാനും പകർന്ന് നൽകിയ പാഠങ്ങൾ മറ്റ് കുട്ടികളിലേക്കും എത്തിക്കണമെന്ന ആഗ്രഹമാണ് ഏർലി ബേഡ് ക്ലബിലേക്ക് എത്തിച്ചത്. എൻ.എൽ.പിയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും വിവിധ സെഷനുകളും വർക്ഷോപ്പുകളും സംഘടിപ്പിച്ചിരുന്നു. ലക്ഷ്യം നിശ്ചയിച്ച ശേഷം അവിടേക്ക് എത്തിപ്പെടാൻ എന്തൊക്കെ ചെയ്യാം എന്നതായിരുന്നു പ്രധാനമായും കുട്ടികൾക്ക് പകർന്ന് നൽകിയത്. ഇവിടെ നിന്നാണ് ഏർലി ബേഡ് എന്ന ആശയം ഉടലെടുത്തത്. ഓൺലൈൻ പഠനം തുടങ്ങിയതോടെ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് മാനസീക ഉൻമേഷവും പിന്തുണയും നൽകാൻ ലക്ഷ്യമിടുന്നതാണ് ഏർലി ബേഡ്.
രാവിലെ അഞ്ചിന് എഴുന്നേൽക്കുക, 30 മിനിറ്റ് വ്യായാമം ചെയ്യുക, പുതുതായി എന്തെങ്കിലും ചെയ്യുക, കുടുംബത്തോടൊപ്പം ചെലവഴിക്കുക, മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും 30 മിനിറ്റ് വിട്ടുനിൽക്കുക എന്നിവയാണ് ഏർലി ബേഡ് ചാലഞ്ചിൽ ഉൾപെടുത്തിയിരിക്കുന്നത്. ഓരോരുത്തരും ദിവസവും ചെയ്യുന്ന ആക്ടിവിറ്റികൾ വാട്സാപ്പ് ഗ്രൂപ്പ് വഴി അപ്ഡേറ്റ് ചെയ്യും. ഇവരെ പ്രോൽസാഹിപ്പിക്കുന്നതിനായി ദുബൈയിലെയും കേരളത്തിലെയും രണ്ട് സ്ഥാപനങ്ങളുടെ സഹായത്തോടെ സമ്മാനം നൽകി. ഡോ. മിലി അബ്ദുൽ ജലീൽ, ഷാഹിദ, ഹനൂദ എന്നിവരാണ് വിജയികളായത്. 21 ദിവസം നീണ്ടുനിന്ന ആദ്യ ചാലഞ്ച് അവസാനിച്ച ശേഷം സർവേ നടത്തിയിരുന്നു. എല്ലാവരിലും പോസിറ്റീവ് മാറ്റങ്ങൾ കണ്ടെത്തി. 21 ദിവസം പിന്നിട്ട ശേഷവും ഈ ശീലം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവുമെന്ന് സജ്ന പറയുന്നു. പലർക്കും കുടുംബത്തോടൊപ്പം കൂടുതൽ സമയം കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ട നേട്ടമെന്നും സജ്ന ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

