ഷോക്കേറ്റ് മരണത്തിൽ നിന്ന് പരുന്തുകളെ രക്ഷിക്കാൻ രണ്ട് കോടി ഡോളർ ഫണ്ട്
text_fieldsഅബൂദബി: വൈദ്യുതി ലൈനുകളിൽ തട്ടി ജീവൻ നഷ്ടപ്പെടുന്നതിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന വേട്ടപ്പരുന്തുകളെ രക്ഷിക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റാപ്റ്റർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപവത്കരിച്ചു. പ്രവർത്തനങ്ങൾക്ക് രണ്ട് കോടി യു.എസ് ഡോളർ പ്രഖ്യാപിച്ചു. ആദ്യ ഘട്ടമായി പത്ത് ലക്ഷം ഡോളർ നൽകും.
ദേശാടനക്കിളികളുടെ പരിപാലനത്തിനായി അബൂദബിയില്‍ നടന്ന അന്തരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചാണ് തുക പ്രഖ്യാപിച്ചത്. വംശനാശഭീഷണി നേരിടുന്ന സഖര്‍ ഫാല്‍ക്കണുകളിൽ വൈദ്യുതി ലൈനുകളില്‍ തട്ടി മാത്രം ചത്തുപോകുന്നവയുടെ എണ്ണം നാലായിരത്തോളമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി മാനേജിങ് ഡയറക്ടർ മുഹമ്മദ് അല്‍ ബവാദി വ്യക്തമാക്കി. ഇതൊഴിവാക്കാനായി എല്ലാ വർഷവും ശാസ്ത്രജ്ഞരും പക്ഷിനിരീക്ഷകരും വൈദ്യുതോർജ സ്ഥാപനങ്ങളുടെ പ്രതിനിധികളുമെല്ലാം പങ്കെടുക്കുന്ന അന്തരാഷ്ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് കവചം ഒരുക്കുന്നത് അടക്കമുള്ള പദ്ധതികളെ കുറിച്ച് പഠനവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
