ഇ-സ്കൂട്ടർ: മൂന്നു മാസത്തിനിടെ 38,000 പെർമിറ്റുകൾ
text_fieldsഈ സ്കൂട്ടർ ട്രാക്ക്
ദുബൈ: ഇ-സ്കൂട്ടർ റൈഡർമാർക്ക് പെർമിറ്റ് നിർബന്ധമാക്കിയശേഷം ഇതുവരെ അനുവദിച്ചത് 38,102 പെർമിറ്റ്. ദിവസവും ശരാശരി 423 പെർമിറ്റ് അനുവദിക്കുന്നുണ്ട്. പെർമിറ്റ് നിർബന്ധമാക്കിയ ഏപ്രിൽ 28 മുതലുള്ള കണക്കാണിത്. 30 മുതൽ 40 വയസ്സിനിടയിലുള്ളവരാണ് കൂടുതലും അപേക്ഷിച്ചത്- 15,807 എണ്ണം. മൊത്തം പെർമിറ്റുകളുടെ 41 ശതമാനം വരുമിത്. തൊട്ടുപിന്നിൽ 14,576 പെർമിറ്റുകളുമായി 20-30 വയസ്സുകാർ രണ്ടാം സ്ഥാനത്തുണ്ട്. 20 വയസ്സിൽ താഴെയുള്ള 1570 പേരും പെർമിറ്റെടുത്തിട്ടുണ്ട്.
149 രാജ്യങ്ങളിൽനിന്നുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ഫിലിപ്പീനികളാണ്- 15,502. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരിൽ 8006 പേർ പെർമിറ്റെടുത്തു. മൂന്നാം സ്ഥാനം പാകിസ്താനാണ്- 3840. 29 ശതമാനവും ടൂറിസ്റ്റുകളും സന്ദർശകരുമാണ് (11,206). നഗരത്തെ ഇ-സ്കൂട്ടർ സൗഹൃദമാക്കാനുള്ള ദുബൈ സർക്കാറിന്റെ ശ്രമങ്ങളുടെ വിജയമാണിതെന്ന് ആർ.ടി.എ അറിയിച്ചു. സൗജന്യമായാണ് ഇ-സ്കൂട്ടർ പെർമിറ്റുകൾ നൽകുന്നത്. ആർ.ടി.എയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്ക് ബോധവത്കരണ സെഷനുണ്ടാവും. അത് പൂർത്തിയാക്കുന്നവർക്ക് അനായാസം പെർമിറ്റ് നേടാം.
16 വയസ്സിൽ താഴെയുള്ളവരെ അനുവദിക്കില്ല. ഇ-സ്കൂട്ടറിന്റെ സാങ്കേതിക വശങ്ങളും സുരക്ഷാനിർദേശങ്ങളും റൈഡർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് പരിശീലന സെഷനിൽ നൽകുന്നത്. ട്രാഫിക് സിഗ്നലുകളെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു. നിശ്ചിത സ്ട്രീറ്റുകളിൽകൂടി ഓടിക്കുന്നവർക്കാണ് പെർമിറ്റ് വേണ്ടത്. സൈക്ലിങ് ട്രാക്കിലൂടെ പെർമിറ്റ് നിർബന്ധമില്ല. ഡ്രൈവിങ് ലൈസൻസുള്ളവർക്കും പെർമിറ്റ് നിർബന്ധമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

