ഇ-പാസ്പോർട്ട്: ബയോമെട്രിക് വിവരങ്ങളും അധികഫീസും വേണ്ട
text_fieldsഇ-പാസ്പോർട്ട്: ബയോമെട്രിക് വിവരങ്ങളും അധികഫീസും വേണ്ട
https://www.madhyamam.com/gulf-news/uae/e-passport-requires-biometric-details-and-additional-fees-1462495
ദുബൈ: പുതുതായി പ്രഖ്യാപിച്ച ഇ-പാസ്പോർട്ടിന് അപേക്ഷിക്കുന്നവരിൽനിന്ന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇന്ത്യൻ എംബസി അഫയേഴ്സ് ഇൻചാർജും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ എ. അമർനാദ്, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 28 മുതൽ അപേക്ഷ സമർപ്പിക്കുന്ന എല്ലാവർക്കും ഇ-പാസ്പോർട്ടായിരിക്കും ലഭിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ലെന്ന് സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇക്കാര്യം എ. അമർനാദും സ്ഥിരീകരിച്ചു.
പുതുതായി അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ചിപ്പ് അടങ്ങിയ പാസ്പോർട്ടുകളായിരിക്കും അനുവദിക്കുക. പാസ്പോർട്ടിന്റെ കവർ പേജിൽ സർക്കാർ മുദ്രക്ക് താഴേയാണ് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. വ്യാജ പാസ്പോർട്ടുകൾ നിർമിക്കുന്നത് തടയാൻ ഇതുവഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. നിലവിൽ പാസ്പോർട്ടുള്ളവർക്ക് പുതുക്കുന്ന ഘട്ടത്തിൽ ഇ-പാസ്പോർട്ട് അനുവദിക്കും. ഇതിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റൽ കോപ്പി അടങ്ങിയ ചിപ്പ് ഉൾപ്പെടെ പഴയ വിവരങ്ങളും പുതിയ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചിട്ടുള്ള ‘അടുത്ത തലമുറ യാത്ര രേഖ’ എന്ന നിലയിലാണ് ഇ-പാസ്പോർട്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ ആയിരിക്കണം ഇ-പാസ്പോർട്ടിനായുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.
ഇ-പാസ്പോർട്ടിലെ ചിപ്പ് ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും അപേക്ഷകന്റെ വിവരങ്ങളിൽ ചിലത് അപേക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ബയോമെട്രിക് ശേഖരണത്തിലൂടെയല്ല, മറിച്ച് ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ പാലിക്കുന്ന ഫോട്ടോയിൽനിന്നാണ് എടുക്കുക. അതുകൊണ്ടുതന്നെ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ നടപടിയുടെ അടുത്ത ഘട്ടം പൂർത്തിയാക്കാനാവില്ലെന്നും എ. അമർനാദ് വിശദീകരിച്ചു.
പാസ്പോർട്ട് സേവനകേന്ദ്രമായ ബി.എൽ.എസ് കേന്ദ്രങ്ങളിൽവെച്ച് അപേക്ഷകന്റെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക സമയപരിധി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
സർക്കാറിന്റെ തീരുമാനങ്ങൾ അനുസരിച്ച് അക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ പറഞ്ഞു. പാസ്പോർട്ട് സേവനങ്ങൾക്കായി ജി.പി.എസ്.പി 2.0 എന്ന പേരിൽ പരിഷ്കരിച്ച പോർട്ടൽ കഴിഞ്ഞ ദിവസം എംബസി അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

