ഇ-മെയിൽ തട്ടിപ്പ്; ജാഗ്രത വേണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ
text_fieldsദുബൈ: ഇ-മെയിൽ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. സൈബർ തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന തട്ടിപ്പ് ഇ-മെയിലുകളുടെ സ്വഭാവം സംബന്ധിച്ച് സുരക്ഷാ കൗൺസിൽ ബോധവത്കരണം ആരംഭിച്ചു.
ഏഴു തരം ഇ-മെയിലുകൾ അയച്ചാണ് ക്രിമിനലുകൾ ഇരകളെ പലപ്പോഴും വലയിലാക്കാൻ ശ്രമിക്കാറ്. അക്കൗണ്ട് വെരിഫിക്കേഷൻ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വരുന്ന ഇ-മെയിലുകളെ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ.
ആധികാരിക സന്ദേശമാണെന്ന് കരുതി അക്കൗണ്ട് വിവരങ്ങളും പാസ് വേഡും കൈമാറിയാൽ സൈബർ മോഷ്ടാക്കൾ പണവും വിവരങ്ങളും തട്ടിയെടുക്കാൻ സാധ്യതയുണ്ട്. ക്ലൗഡ് ഷെയർ നോട്ടിഫിക്കേഷൻ ആണെന്ന വ്യാജേനയും ഇത്തരം ഇ-മെയിലുകൾ നിങ്ങളെ തേടിയെത്താം. ഇടപാട് നടത്തിയതിന്റെ ബില്ലുകളെന്ന രീതിയിലും ഇൻവോയ്സ് എന്ന വ്യാജേനയും തട്ടിപ്പുകാരുടെ മെയിലുകൾ ലഭിക്കാം.
നടത്തിയതായി വ്യക്തതയില്ലാത്ത ഇത്തരം ബില്ലുകളുടെ അറ്റാച്ച്മെന്റിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണം. സമാനമായ രീതിയിൽ ചരക്ക് അയച്ചതിന്റെയോ സ്വീകരിച്ചതിന്റെയോ ഡെലിവറി സ്റ്റാറ്റസ് എന്ന വ്യാജേന തട്ടിപ്പുകാരുടെ മെയിലുകളെത്താം.
ബാങ്ക് അക്കൗണ്ട് വിവരങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം മെയിൽ അയക്കുന്നതാണ് മറ്റൊരു രീതി. നിർണായകമായ കോർപറേറ്റ് വിവരമെന്ന് അവകാശപ്പെട്ട് വരുന്ന ഇ-മെയിലുകളും ചിലപ്പോൾ തട്ടിപ്പാകാം. വ്യാജ അറ്റാച്ച്മെന്റുകൾ സഹിതം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ലക്ഷ്യമിട്ട് അയക്കുന്ന ഇ-മെയിലുകളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
സംശയകരമായ മെയിലുകൾ വന്നാൽ ഐ.ടി ഡിപ്പാർട്ട്മെന്റിനെയോ ഇ-മെയിൽ സേവന ദാതാക്കളേയോ അറിയിക്കണം. കൂടുതൽ കരുത്തുള്ള ഇ-മെയിൽ പാസ്വേഡ് ഉപയോഗിക്കാനും ഇടക്കിടെ അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കണം. വിശ്വസനീയമല്ലാത്ത യു.ആർ.എല്ലുകളിൽ ക്ലിക് ചെയ്യരുതെന്നും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

