യു.എ.ഇ: പൊടിക്കാറ്റ്, മഴ, ആലിപ്പഴ വർഷം; ജാഗ്രത മുന്നറിയിപ്പ്
text_fieldsഷാർജ ഖുദയ്റയിൽ പെയ്ത മഴയെ തുടർന്ന് വെള്ളം ഒഴുകുന്നു
ദുബൈ: കനത്ത ചൂടിനിടെ ആശ്വാസമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും. അതേസമയം ദുബൈ അടക്കം ചില ഭാഗങ്ങളെ ശനിയാഴ്ച കനത്ത പൊടിക്കാറ്റ് ബാധിച്ചു. ഷാർജ എമിറേറ്റിലെ ചില ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റ് ബാധിച്ചപ്പോൾ മലീഹ, ഖുദയ്റ, ഫിലി എന്നീ സ്ഥലങ്ങളിൽ മഴ രേഖപ്പെടുത്തി.
അസ്ഥിര കാലാവസ്ഥയുടെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വൃത്തങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. കനത്ത പൊടിക്കാറ്റ് കാരണം പല പ്രദേശങ്ങളിലും റോഡുകളിൽ വാഹന ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യവുമുണ്ടായി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് മഴയും ആലിപ്പഴ വർഷവും രേഖപ്പെടുത്തിയത്.
മഴയുടെ സാഹചര്യത്തിൽ വാദികളിൽനിന്നും മറ്റും മാറിനിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽക്കാലത്ത് ആലിപ്പഴ വർഷത്തോടെ മഴ ലഭിക്കുന്നത് യു.എ.ഇയിൽ നേരത്തേതന്നെ പതിവുള്ളതാണ്.
നേരത്തേ ശനിയാഴ്ച വൈകീട്ട് 3 മണി മുതൽ രാത്രി 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ഭാഗത്തുനിന്നുള്ള മൺസൂൺ ന്യൂനമർദം കാരണമായാണ് യു.എ.ഇയിൽ വേനൽ മഴ ലഭിക്കുന്നത്. സെപ്റ്റംബർ മാസം അവസാനം വരെ ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

