‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന് ആവേശക്കലാശം
text_fields1. ഗള്‍ഫ് മാധ്യമം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി'ൽ ഒന്നാം സ്ഥാനം നേടിയ ഹാമിസ സൂനം സിദ്ദീഖ് പുരസ്കാരം ഏറ്റുവാങ്ങുന്നു
ദുബൈ: ആവേശക്കൊടുമുടിയേറിയ ഗള്‍ഫ് മാധ്യമം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന് ആവേശകരമായ പരിസമാപ്തി. കലാശപ്പോരില്‍ ‘എമിറേറ്റ്സ് ബിരിയാണി ദം സ്റ്റാര്‍’ ജേതാവായി ഹാമിസ സൂനം സിദ്ദിഖിനെ തെരഞ്ഞെടുത്തു. അജ്മാനിലെ സഫീര്‍ മാളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറിയ ഫൈനല്‍ മത്സരത്തില്‍ 29 പേരെ പിന്നിലാക്കിയാണ് ഹാമിസ സൂനം സിദ്ദിഖ് ജേതാവിനുള്ള 25,000 ദിര്‍ഹം ക്യാഷ് പ്രൈസ് സ്വന്തമാക്കിയത്. നസ്റത്ത് കെ.പി, നസീബ ഉണിക്കണ്ടത്ത് എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി യഥാക്രമം 15,000 ദിര്‍ഹം, 8,000 ദിര്‍ഹം ക്യാഷ് പ്രൈസുകളും നേടി. ഫർസാന അസീസ് മികച്ച പ്രകടനം കാഴ്ചവെച്ച് പ്രത്യേക പരാമർശത്തിന് അർഹത നേടി. ഗള്‍ഫ് മാധ്യമം കമോണ്‍ കേരള ഏഴാമത് പതിപ്പിനോടനുബന്ധിച്ചാണ് ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന് തുടക്കമായത്. 2000ത്തോളം പേര് പങ്കാളികളായ വിഡിയോ എന്‍ട്രികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പേരാണ് സെമിഫൈനലില്‍ ഷാര്‍ജ എക്സ്പോ സെന്ററിലെ കമോണ്‍ കേരള വേദിയില്‍ മാറ്റുരച്ചത്. ബര്‍ധമന്‍ റോസ് മുഖ്യ പ്രായോജകരായ മത്സരത്തിൽ ആര്.കെ.ജി, ഹോട്ട്പാക്ക് എന്നിവരും പ്രധാന പ്രായോജകരായിരുന്നു.
2. ഗള്‍ഫ് മാധ്യമം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി'ൽ രണ്ടാം സ്ഥാനം നേടിയ നസ്റത്ത് കെ.പി പുരസ്കാരം ഏറ്റുവാങ്ങുന്നു
ഫൈനലിലെത്തിയ 29 മത്സരാര്‍ഥികളാണ് അജ്മാനില്‍ സഫീര്‍ മാര്ക്കറ്റിന്റെകൂടി സഹകരണത്തോടെ നടന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. സ്റ്റൗ മുതല്‍ ബിരിയാണി തയാറാക്കുന്നതിനുള്ള എല്ലാവിധ സാധനങ്ങളും സംഘാടകര്‍ മത്സരാര്‍ഥികള്‍ക്ക് ലഭ്യമാക്കിയതിന് ശേഷമാണ് ലൈവ് ആയ പാചക മത്സരം നടന്നത്. മത്സരം വീക്ഷിക്കാൻ നിരവധിപേർ സഫീർ മാളിൽ എത്തിച്ചേർന്നിരുന്നു. ഫാത്തിമ റസിയ, ജസീന വി.പി, സജ്ന സാലി, സലീന നൗഷാദ്, ആമിന ഫെബിന്, ഫര്‍സാന അസീസ്, ഖദീജ, സഫ്ന റൂബി, വഫ ആസിഫ്, ബിന്ദു ശ്രീകുമാര്‍, നൗബിയ സുനില്‍, ജസീന ജാബിര്‍, ഫര്‍ഹാന, ജസീല സൈഫുദ്ദീന്, നബീസത്ത്, ഹാമിസ, ബുഷ്റ മാലിക്, റസിയ സഈദ്, സൈബു ശഹബത്ത്, ഖമറുന്നിസ, ജസ്നി അര്‍ശദ്, സാജിത അസീസ്, നൗഷിബ, മൈമൂന അഷ്കര്‍, ശഹര്ഷാദ്, ഫസീല ഉസ്മാന്, ഡോ. നസ്റത്ത് കെ.പി, നസീബ ഉണിക്കണ്ടത്ത്, ഷൈജ ആസിഫ് എന്നിവരായിരുന്നു സഫീര്‍ മാര്‍ക്കറ്റിലെ അങ്കത്തട്ടിലെത്തിയവര്
മത്സരാര്‍ഥികള്‍ ഒരുക്കിയ ബിരിയാണി രുചിക്കൂട്ടുകള്‍ വ്യത്യസ്തവും ഏറെ സ്വാദിഷ്ഠവുമായിരുന്നതായി വിധികര്‍ത്താക്കളായ ആബിദ റഷീദ്, ഷെഫ് പിള്ള, രാജ് കലേഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇത് ജേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സങ്കീര്‍ണമാക്കിയെന്നും എല്ലാ മത്സരാർഥികളെയും അഭിനന്ദിക്കുന്നതായും വിധികർത്താക്കൾ പറഞ്ഞു.
3. ഗള്‍ഫ് മാധ്യമം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി'ൽ മൂന്നാം സ്ഥാനം നേടിയ നസീബ പുരസ്കാരം ഏറ്റുവാങ്ങുന്നു
യു.എ.ഇയിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരം ‘ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റി’ന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും വിധികര്‍ത്താക്കള്‍ വ്യക്തമാക്കി.
കലാവിരുന്നിന്റെ അകമ്പടിയോടെ നടന്ന പ്രൗഢ ചടങ്ങില്‍ ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസുകളും പ്രശസ്തിഫലകങ്ങളും സമ്മാനിച്ചു. ചടങ്ങിൽ ബർധമാൻ റോസ് എം.ഡിയും ചെയർമാനുമായ ഷേഖ് റബിയുൽ ഹഖ്, ആർ.കെ.ജി അസി. ട്രേഡ് മാർക്കറ്റിങ് മാനേജർ ശമ്മാസ് സി, ഹോട്പാക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ (ഷർജ ആൻഡ് നോർത്തേൺ എമിറേറ്റ്സ്) അൻവർ സാദത്ത്, സഫീർ മാൾ ഓപറേഷൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ്, സഫീർ മാർക്കറ്റ് അഡ്വർടൈസിങ് ആൻഡ് പ്രമോഷൻ മാനേജർ അനിൽ ജേക്കബ്, ഗൾഫ് മാധ്യമം ബിസിനസ് സൊലൂഷൻസ് യു.എ.ഇ കൺട്രി ഹെഡ് സാജിദ് ശംസുദ്ദീൻ, ഇന്ത്യ കൺട്രി ഹെഡ് കെ. ജുനൈസ് എന്നിവർ പങ്കെടുത്തു.
സഫീർ മാളിൽ രുചിയുടെ താളമേളം തീർത്ത് ദംദം ബിരിയാണി
അജ്മാൻ: എമിറേറ്റിലെ ജനപ്രിയ ഷോപ്പിങ് മാളായ സഫീർ മാളിൽ രുചിയുടെ താളമേളങ്ങൾ തീർത്ത് ‘ഗൾഫ് മാധ്യമം ദംദം ബിരിയാണി’ ഫൈനൽ മത്സരം. ആവേശം വിതറിയ ഫൈനൽ മത്സരം മത്സരാർഥികളെക്കൊണ്ടും കാണികളെക്കൊണ്ടും ശ്രദ്ധേയമായി. സെമി ഫൈനലിൽ പങ്കെടുത്തവരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മാറ്റുരക്കാൻ എത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് ആരംഭിച്ച ഫൈനൽ മത്സരത്തിൽ 29 പേർ പങ്കെടുത്തു. മത്സരത്തിനായി നൽകിയ വിഭവങ്ങൾ ചേർത്ത് കോഴി ബിരിയാണിയുണ്ടാക്കുക എന്നതായിരുന്നു മത്സരം.
രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വാശിയേറിയ മത്സരത്തിന് ഷെഫ് പിള്ള, രാജ് കലേഷ്, ആബിദ റഷീദ് എന്നിവർ വിധികർത്താക്കളായിരുന്നു. ഓരോ ബിരിയാണിയും രുചിച്ച് വിലയിരുത്തിയാണ് വിധിയെഴുതിയത്. ചടങ്ങിൽ ആർ.ജെ മിഥുൻ മുഖ്യാതിഥിയായി പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഓരോ മത്സരാർഥിയും ഇന്നുവരെ പരീക്ഷിക്കാത്ത രുചിഭേദങ്ങളോടെ ഒരുക്കിയ കൊതിയൂറും ബിരിയാണികൾ ഏവർക്കും പുതുമയേകി. മത്സരാർഥികൾ സ്വന്തം നിർമിച്ചുകൊണ്ട് വന്ന വ്യത്യസ്തങ്ങളായ സൈഡ് ഡിഷുകൾ അലങ്കാരങ്ങളെ വർണാഭമാക്കി. വിവിധ രാജ്യക്കാരായ കാണികൾ ബിരിയാണി രുചിച്ച് മത്സരാർഥികളെ അഭിനന്ദിച്ചാണ് മടങ്ങിയത്. യു.എ.ഇ ഇന്നുവരെ കാണാത്ത ബിരിയാണി പാചക മത്സരത്തിന് വിവിധ ഭാഗങ്ങളിൽനിന്ന് കാഴ്ചക്കാരായി നിരവധിപേർ സഫീർ മാളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

