രുചിയൂറും ബിരിയാണി വെക്കൂ, കൈനിറയെ സമ്മാനം നേടാം
text_fieldsഷാർജ: മലയാളികളുടെ തീൻമേശയിൽ രാജപദവിയുള്ള വിഭവമാണ് ബിരിയാണി. മറ്റേത് വിഭവങ്ങൾ ഉണ്ടെങ്കിലും ബിരിയാണുണ്ടെങ്കിലേ പരിപാടി ജോറാകൂ. മട്ടൻ, ബീഫ്, ചിക്കൻ, എഗ്ഗ്, വെജിറ്റബ്ൾ, ചെമ്മീൻ, കൂന്തൾ, ഫിഷ്, ഹൈദരാബാദി തുടങ്ങി ബിരിയാണി വകഭേദങ്ങളുടെ പട്ടിക നീളും. എങ്കിലും ഇവയിൽ ദം ബിരിയാണ് തന്നെയാണ് കേമൻ. ഇവിടെ പ്രവാസലോകത്തും ബിരിയാണിക്ക് പ്രിയമേറെയാണ്.
അതുകൊണ്ടുതന്നെ നല്ല ബിരിയാണി വെക്കാൻ അറിയുന്നവർക്ക് പ്രവാസലോകത്തും വൻ ഡിമാൻഡാണ്. അങ്ങനെ ബിരിയാണിവെച്ച് കൈയടി നേടാൻ കഴിയുന്നവർക്ക് മികച്ച വേദിയൊരുക്കുകയാണ് കമോൺ കേരള. മേയ് ഒമ്പത്, 10, 11 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. ‘ദംദം ബിരിയാണി കോൺടസ്റ്റ്’ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
മേളയുടെ അവസാന ദിനമായ മേയ് 11ന് വൈകീട്ട് മൂന്നു മുതൽ 4.30 വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://cokuae.com/dessert-master ലിങ്കിൽ രജിസ്റ്റർ ചെയ്യാം. യു.എ.ഇയിൽ താമസിക്കുന്ന ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ലിങ്കിൽ രജിസ്റ്റർ ചെയ്തവർ ഇഷ്ടമുള്ള ബിരിയാണി ഉണ്ടാക്കി അതിന്റെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ +971556139367 എന്ന നമ്പറിൽ അയച്ചു നൽകണം. ബിരിയാണിയെക്കുറിച്ചുള്ള മൂന്നു മിനിറ്റിൽ കവിയാത്ത ചെറുവിവരണവും ഉൾപ്പെടുത്തണം.
ഒപ്പം ബിരിയാണിയുടെ ഫോട്ടോയും ചേരുവകളുടെ വിവരങ്ങൾ 300 വാക്കുകളിൽ കവിയാതെ അയക്കണം. ഏപ്രിൽ 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളിൽനിന്ന് 50 പേരെയാണ് തെരഞ്ഞെടുക്കുക. ഇവർക്ക് കമോൺ കേരള വേദിയിൽ മത്സരിക്കാം.
സെമി ഫൈനൽ മത്സരമായിരിക്കും വേദിയിൽ നടക്കുക. സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ 50 പേരും അവരുടെ ഇഷ്ട ബിരിയാണി ഉണ്ടാക്കി കമോൺ കേരള വേദിയിൽ കൊണ്ടുവരണം. സെലിബ്രിറ്റി ഷെഫുമാരുടെ നേതൃത്വത്തിൽ ഈ ബിരിയാണികൾ വിലയിരുത്തും.
ശേഷം കമോൺ കേരളയുടെ മൂന്നാം ദിനത്തിലെ വിശിഷ്ടാതിഥിയായ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സാന്നിധ്യത്തിലാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുക. ഫൈനലിസ്റ്റുകൾക്ക് ആകർഷകമായ സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്യും. കമോൺ കേരളക്കുശേഷമായിരിക്കും ഫൈനൽ മത്സരം. ഇതിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 ദിർഹം സമ്മാനമായി ലഭിക്കും. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 8,000 ദിർഹം സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971556139367 എന്ന നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.