നിയമം ലംഘിക്കുന്ന വാഹനങ്ങൾ ആർ.ടി.എ പിടിച്ചെടുക്കും
text_fieldsദുബൈ: നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും എമിറേറ്റ്സ് പാർക്കിങ്ങും ധാരണയിലെത്തി. ചെറുതും വലുതുമായ വാഹനങ്ങൾ, ട്രെയിലറുകൾ അടക്കം പിടിച്ചെടുക്കാനുള്ള അവകാശമാണ് പുതിയ കരാറിലൂടെ ആർ.ടി.എക്ക് ലഭിച്ചിരിക്കുന്നത്.
നിയമലംഘനം നടത്തിയ വാഹനങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽനിന്ന് പിടിച്ചെടുത്ത് മറ്റു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആർ.ടി.എക്ക് സാധിക്കും. ഫെഡറൽ, ലോക്കൽ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്ത വാഹനങ്ങൾക്കെല്ലാം നടപടി ബാധകമായിരിക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങൾ ട്രാഫിക് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി അറിയാനാകും. ഇതിനായി വാഹനങ്ങൾ വെഹിക്കിൾ സെയിൽ കമ്മിറ്റിയിലേക്ക് റഫർ ചെയ്യും. ലേലം ചെയ്യുന്നതിന്റെയും രേഖകൾ സൂക്ഷിക്കുന്നതിന്റെയും സംവിധാനം പരിഷ്കരിച്ചിട്ടുണ്ട്.
മൊബൈൽ കാരവനുകൾ, ഭക്ഷണ വണ്ടികൾ, ബോട്ടുകൾ, സൈക്കിളുകൾ എന്നിവയെല്ലാം നിയമം ലംഘിച്ചാൽ പിടിച്ചെടുന്നതിന് ആർ.ടി.എക്ക് അധികാരമുണ്ടായിരിക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ സൂക്ഷിപ്പ് എമിറേറ്റ്സ് പാർക്കിങ്ങിന്റെ ചുമതലയിലായിരിക്കും. ഇതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും പരിശീലനം നേടിയ വ്യക്തികളെ ചുമതലപ്പെടുത്തുകയുംചെയ്യും. പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുനൽകുന്നതിന്റെ രീതിയും കരാർ വിശദീകരിക്കുന്നുണ്ട്. ടെക്നിക്കൽ ട്രാഫിക് നിയമലംഘനമാണെങ്കിൽ പിഴ അടക്കുകയും നിശ്ചിതകാലം പിന്നിടുകയും ചെയ്താൽ വാഹനം തിരിച്ചുകിട്ടും.
സാങ്കേതിക തകരാർ കാരണമുള്ള നിയമലംഘനമാണെങ്കിൽ പിടിച്ചെടുക്കലിന് കാരണമായ പ്രശ്നം പരിഹരിക്കുന്നതുവരെ വാഹനം വിട്ടുനൽകില്ല. എമിറേറ്റിലെ പൊതു പാർക്കിങ് മെഷീനുകളുടെ ഓട്ടോമേഷനും നവീകരണവും 2022 നവംബറിൽ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

